ദര്‍ശനം

2010, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

കല്ലിക്കുന്ന മനുഷ്യത്വം

നമ്മുടെ കേരളീയ മനസ്സുകള്‍ക്ക് എന്ത് പറ്റി? ഈ അടുത്ത കാലത്തായി കണ്ടുവരുന്ന ചില സംഭവങ്ങളാണ് ഈ ചോദ്യത്തിലേക്ക് എന്നെ കൊണ്ടുചെന്നെത്തിക്കുന്നത്. ആധുനിക വിവര സാങ്കേതിക വിദ്യയുടെ മാസ്മര പ്രഭയില്‍ അന്ധരായ നാം ഇവിടെ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ കണുമ്പോള്‍ ഒരു പക്ഷെ ലോകമന:സാക്ഷിക്കു പറയാനുള്ളത് ഇതാവാം.."കര്‍ത്താവേ ഇവന്‍ ചെയ്യുന്നതെന്തെന്ന് ഇവന്‍ തന്നെ അറിയുന്നില്ല....ഇവനോട് പൊറുക്കേണമേ.."
വളരെ ചെറിയ കാലം കൊണ്ടാണ് നൂതന വിവര സാങ്കേതിക വിദ്യയുടെ ലേബലില്‍ മൊബൈലുകള്‍ കേരള മനസ്സുകളെ കീഴടക്കിയത്. വ്യാവസായിക വളര്‍ച്ചയില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെല്ലെപ്പോക്ക് നയം സ്വീകരിച്ച നാം പക്ഷെ മൊബൈല്‍ രംഗത്ത്‌ അസാധാരണമായ പുരോഗതിയാണ് കൈവരിച്ചത്. പൊതുവേ പൊങ്ങച്ചക്കാരായ കേരളീയരുടെ സ്വഭാവം വ്യക്തമായി മനസ്സിലാക്കിയതു കൊണ്ടാവാം ഒട്ടു മിക്ക മൊബൈല്‍ കമ്പനികളും തങ്ങളുടെ വളക്കൂറുള്ള മണ്ണ് കണ്ടെത്തിയത് കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒരുപക്ഷെ ഇന്ന് ഏറ്റവും കൂടുതല്‍ മൊബൈല്‍ കമ്പനികള്‍ സജീവമായി രംഗത്തുള്ളത് കേരളത്തിലാണ്. ഇന്ത്യയിലെ പ്രധാന വ്യവസായ കേന്ദ്രങ്ങളായ കൊല്‍ക്കത്തയേയും ബോംബെയേയും മറികടന്നാണ് നമ്മുടെ കൊച്ചു കേരളം ഈ നേട്ടം കൈവരിച്ചത് എന്ന സത്യം അല്പം ഭയത്തോടെ നാം കാണേണ്ടതാണ്.....

മൊബൈലിന്റെ
കടന്നുവരവ് കേരളീയ മനസ്സുകളില്‍ വലിയൊരു ചലനം തന്നെ സൃഷ്ടിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. ഇതില്‍ മയങ്ങാത്തവര്‍ തുലോം വിരളം. അനുദിനം നൂതനങ്ങളും വ്യത്യസ്തങ്ങളും ആയ പുത്തന്‍ മൊബൈലുകള്‍ നിര്‍മ്മിച്ച്‌ തങ്ങളുടെ ആധിപത്യം ഓരോ കേരളീയനിലും ഉറപ്പിക്കാന്‍ എല്ലാ കമ്പനികളും കിണഞ്ഞു പരിശ്രമിക്കുമ്പോള്‍ തകരുന്നത് നമ്മുടെ സംസ്കാരവും ജീവിതവുമാണ്.
കേരളീയരില്‍ ഇന്ന് വര്‍ധിച്ചു വരുന്ന ക്രിമിനല്‍ സ്വഭാവത്തിന് ഒരു പരിധിവരെ കാരണക്കാര്‍ ഇവര്‍ തന്നെ അല്ലെ? സ്കൂളുകളിലും കോളേജുകളിലും ഇതുവഴി എത്ര ജീവന്‍ പൊലിഞ്ഞു? എത്ര ജീവിതം അനാഥമായി? മൊബൈല്‍ കണ്ണുകള്‍ സ്ത്രീകള്‍ക്ക് ഭീഷണിയാകുന്ന എത്ര എത്ര സംഭവങ്ങള്‍ നാം നിത്യവും പത്രങ്ങളില്‍ വായിക്കുന്നു? കോഴിക്കോട് ഹോട്ടല്‍ സംഭവം തന്നെ ഉത്തമ ഉദാഹരണം....

മറ്റൊരു
പ്രവണത കൂടി ഈ അടുത്ത കാലത്ത് കേരളീയരില്‍ കാണുന്നുണ്ട്......ചുറ്റും കാണുന്ന എന്തിനെയും തന്റെ ക്യാമറക്കുള്ളില്‍ ഒപ്പിയെടുക്കാനുള്ള താല്പര്യം! 2 വര്‍ഷം മുമ്പ് ഒരു അമ്പലപ്പറമ്പില്‍ വച്ച് പാപ്പാനെ ആന എടുത്തടിച്ചു കൊന്നപ്പോള്‍ രക്ഷിക്കേണ്ട നാം, അത് ചെയ്യാതെ ആ രംഗങ്ങള്‍ പകര്‍ത്താന്‍ തത്രപ്പെടുകയായിരുന്നു...എന്തിനു? ആ രംഗങ്ങള്‍ സൂര്യ ചാനലുകാര്‍ പോലും ലൈവ് ആയി പ്രക്ഷേപണം ചെയ്തില്ലേ? സ്വീകരണ മുറിയിലിരുന്നു നാം അത് കണ്ടു ആസ്വദിച്ചില്ലേ? അത്ര വരെ എത്തി കാര്യങ്ങള്‍ .......

2003 -ല്‍ ചിറ്റൂര്‍ റോഡില്‍ ഒരാന പാപ്പാനേ എടുത്തടിച്ചു കൊന്നു....ഇത് മാധ്യമങ്ങള്‍ നന്നായി ആഘോഷിക്കുകയും ചെയ്തു! ' ആ ഫോട്ടോയ്ക്ക് പിന്നില്‍ ' എന്ന തലക്കെട്ടോടെ ഈ അടുത്ത മാത്രുഭുമി ആഴ്ചപ്പതിപ്പില്‍ പുന:പ്രസിദ്ധീകരണവുംനടത്തി...


കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ലോറിക്കടിയില്‍ പെട്ട് ചതഞ്ഞു മരിച്ച ഒരു സ്ത്രീയുടെ മൃതദ്ദേഹം ക്യാമറയില്‍ പകര്‍ത്താന്‍ തത്രപ്പെടുന്ന ഒരു കേരളീയ സമൂഹത്തെയും മാധ്യമങ്ങളിലൂടെ നാം കണ്ടു! എന്തിനു? ഈ അടുത്ത കാലത്ത് ഒരു പോലിസ് ഇന്‍സ്പെക്ടറെ വെടിവച്ചു കൊന്ന മുജീബ് റഹ്മാന്‍ തന്റെ ഭാര്യയോടൊപ്പം ആത്മഹത്യ ചെയ്തപ്പോള്‍ അവിടെ ഫോട്ടോ എടുക്കാനെത്തിയവരുടെ തിരക്ക് നാം എല്ലാ ദൃശ്യ മാധ്യമങ്ങളിലൂടെയും കണ്ടതാണല്ലോ? കേരളീയരിലെ ഈ മാറ്റം അല്പം ഗൌരവമായി തന്നെ നാം കാണേണ്ടതല്ലേ?


ഇണപ്പക്ഷികളില്‍ ഒന്നിനെ വേടന്‍ എയ്തു വീഴ്ത്തിയപ്പോള്‍ കുപിതനായ് വേടനെ ശപിച്ച മുനിയുടെ നാടാണിത്..... തുടയിലെ മാംസം മുറിച്ചെടുത്തു പ്രാവിനെ രക്ഷിച്ച ശിബി ചക്രവര്‍ത്തിയുടെ നാടാണിത്....സ്വന്തം മാതുല പുത്രനാല്‍ വീഴ്തപ്പെട്ട പക്ഷിയെ എടുത്തു ശുശ്രൂഷിച്ച ഗൌതമന്റെ നാടാണിത്....വിദേശികള്‍ ഇവിടെ ഒരു പുല്‍ക്കൊടി ആവാന്‍ കഴിഞ്ഞെങ്കിലെന്ന് മോഹിച്ച,ദൈവങ്ങളുറങ്ങുന്ന നാടാണിത്...അതെന്തേ നാം മറന്നുവോ?
ഒരു സംശയം ബാക്കി നില്‍ക്കുന്നു....
സമുഹത്തിന് തുണയാകേണ്ട,അവരുടെ മുന്നില്‍ നിന്ന് നേതൃത്വം നയിക്കേണ്ട നവമാധ്യമങ്ങളില്‍ പ്രമുഖമായ മാധ്യമങ്ങളും ഇത്തരം മാറ്റങ്ങള്‍ക്കു അടിമപ്പെട്ടു പോകുന്നത് എന്തുകൊണ്ടാണ്?

മറ്റുള്ളവരില്‍നിന്നു പലതും കടംകൊണ്ടിട്ടുള്ള നാം ഈ ഒരു സംസ്കാരം ആരില്‍നിന്നാണ് കടം കൊണ്ടത്‌?