ദര്‍ശനം

2010, നവംബർ 21, ഞായറാഴ്‌ച

ഒരു ടൂറിന്റെ പര്യവസാനം

കുറേ ദിവസങ്ങള്‍ക്കു ശേഷം കിട്ടിയ ഒരൊഴിഞ്ഞ ശനിയാഴ്ച....കാര്യമായ തിരക്കൊന്നുമില്ല....അതുകൊണ്ടുതന്നെ എഴുന്നേല്‍ക്കാന്‍ വളരെ വൈകി. പുറത്തു വരാന്തയില്‍ ഒരു കസാല വലിച്ചിട്ടു ചാരുപടിയില്‍ കാലും കയറ്റിവച്ച് സഹധര്‍മ്മിണി സ്നേഹത്തോടെ കൊണ്ടുതന്ന ചൂട് ചായ ഊതിക്കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ഹാ... എന്തെന്നില്ലാത്ത സുഖം! പുതിയ വീടുകെട്ടി ഒരു കൊല്ലമായെങ്കിലും ഇതുവരെ ഇങ്ങനെ ഒരു സുഖം ലഭിച്ചിട്ടില്ലെന്ന് ഒരു തോന്നല്‍ ....മുറ്റത്തു വീണുകിടക്കുന്ന മനോരമ പത്രം നിവര്‍ത്തി വാര്‍ത്തകളിലൂടെ കണ്ണോടിച്ചു...ഇല്ല...പുതുമയുള്ളത് ഒന്നും ഇല്ല.മുന്നിലെ നിരത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളെ നോക്കി കുറേസമയം ഇരുന്നു...പെട്ടെന്നാണ് എന്നില്‍ ഒരു റൊമാന്റിക് മൂഡുവന്നത് .....മറ്റൊന്നുമല്ല ...സകുടുംബം ഒരു ടൂര്‍ പോയാലെന്താ? കീശ കാലിയാകുന്ന ഏര്‍പ്പാടാണ്,,,എന്നാലും?...അടുത്ത ആഴ്ച തിരഞ്ഞെടുപ്പ്...വിതരണ കേന്ദ്രവും, തിരഞ്ഞെടുപ്പ് കേന്ദ്രവും, എണ്ണല്‍ കേന്ദ്രവും ഒക്കെ ഒന്നിച്ചു ഒരു മഹാകേന്ദ്രമായി നമ്മുടെ സ്കൂള്‍ മാറുന്നുണ്ടത്രേ....ഒരാഴ്ച കുശാല്‍ ....ഭാഗ്യത്തിന് തിരഞ്ഞെടുപ്പ് ഡ്യുട്ടിയും റിസേര്‍വ് ആണ്...ടൂറിനു പറ്റിയ അന്തരീക്ഷം! കല്ല്യാണം കഴിഞ്ഞു പത്തു വര്‍ഷമായെങ്കിലും ഇന്നേവരെ കാര്യമായ ഒരു ടൂറും പോകാന്‍ പറ്റിയില്ല! അയല്‍ക്കാരുടെയും സഹപ്രവര്‍ത്തകരുടെയും യാത്രാ വിവരണങ്ങള്‍ കേട്ട് പലപ്പോഴും പോകാന്‍ തുനിഞ്ഞെങ്കിലും സാമ്പത്തിക ഞെരുക്കം ഒരു കീറാമുട്ടിയായി...വീടുകെട്ടി പാപ്പരായ ഒരു സാദാ മാഷാണ് ഇന്ന് ഞാന്‍ . എങ്കിലും ഇത്തവണ പോകാന്‍ തന്നെ തീരുമാനിച്ചു! വയസ്സായി ടൂര്‍ പോയിട്ട് ഇതു കാര്യം? ഒറ്റയ്ക്ക് പോകാനുള്ള ശേഷി ഇല്ലാത്തതിനാല്‍ രണ്ടു സഹപ്രവര്‍ത്തകരുടെ കൂട്ടും പിടിച്ചു..അങ്ങിനെ 3 കുടുംബങ്ങള്‍ ഒരു ഇന്നോവ കാറില്‍ മൈസൂര്‍ , കുശാല്‍നഗര്‍ ചുറ്റിക്കറങ്ങാന്‍ ധാരണയായി. ദല്‍ഹിയിലും ആഗ്രയിലും മറ്റും പോകാതെ മൈസൂരും മറ്റുമായി കറങ്ങുന്ന നമ്മുടെ പരിപാടി അയല്‍ക്കാരും ബന്ധുക്കളും കേട്ടപ്പോള്‍ അവര്‍ക്കൊരു ശൂ മട്ട്. ഏതായാലും കുട്ടികള്‍ക്കും ഭാര്യക്കും വളരെ ഹാപ്പി. കാരണം എന്നില്‍ നിന്നു അവര്‍ ഒട്ടും ഇത് പ്രതീക്ഷിച്ചിരുന്നില്ല! ഒരു ബേക്കലം...ഒരു പയ്യാമ്പലം...ഇത്രയൊക്കെയേ അവര്‍ മനക്കോട്ട കെട്ടിയിരുന്നിള്ളൂ...നീണ്ട 10 വര്‍ഷം കൊണ്ട് ഞാന്‍ അങ്ങനെ അവരെ മെരുക്കി എടുക്കുകയായിരുന്നു! എന്റെ ഒരു കഴിവേ...ഞാന്‍ ആരാ മോന്‍ ?.....
പക്ഷേ മക്കള്‍ വിടുന്ന മട്ടില്ല. "അച്ഛാ നമുക്ക് യാത്ര അടിച്ചു പൊളിക്കണം" ഇളയവളുടെ കൊഞ്ചല്‍ ...സത്യം പറഞ്ഞാല്‍ ഉള്ളൊന്നു കാളി! "മോളെ ...ഇതൊരു വലിയ ആഘോഷമായിട്ടൊന്നും എടുക്കേണ്ടാ കേട്ടോ?"എന്ന് കവിളില്‍ നുള്ളി ഞാന്‍ പറഞ്ഞപ്പോള്‍ ഭാര്യയില്‍ ഒരു കള്ളച്ചിരി പൊങ്ങിയോ?
അങ്ങിനെ ടൂര്‍ ദിനം കാത്തുകാത്ത് വന്നെത്തി..നാളെ അതിരാവിലെ പോകണം...രാത്രി എല്ലാവരും ഉത്സാഹിച്ചു സാധനങ്ങളും മറ്റും പായ്ക്ക് ചെയ്യുന്ന തിരക്കിലായി. അപ്പോഴാണ് ഒന്ന് വെറുതെ ടി.വി. ന്യുസ് കാണാമെന്നു വച്ചത്. അപ്പോഴാണ് ഫ്ലാഷ് ന്യുസ് ഞങ്ങള്‍ കാണുന്നത്! നാളെ സംഘപരിവാര്‍ ഹര്‍ത്താല്‍ !!! കുട്ടികളെയും സഹധര്‍മ്മിണിയേയും ഞെട്ടിച്ച വാര്‍ത്ത! "അച്ഛന്റെ ആഗ്രഹം പോലെ തന്നെ നടന്നു"എന്ന് മൂത്തവള്‍ പരിതപിച്ചപ്പോള്‍ അല്പമൊന്നു ചമ്മി...അച്ഛന്റെ മോള്‍ തന്നെ....പക്ഷെ ആശക്ക്‌ വകയുണ്ട്. ഹര്ത്താലില്‍നിന്നു വാഹനങ്ങളെ ഒഴിവാക്കിയത്രെ. കുടുംബം വീണ്ടും ഉത്സാഹത്തിലായി.
അതിരാവിലെ ഉണര്‍ന്നെഴുന്നേറ്റ ഞാന്‍ ചുറ്റും നോക്കിയപ്പോള്‍ ഭാര്യയെ കാണാനില്ല! ഒന്നുകൂടി തപ്പിയപ്പോള്‍ മൂത്തവളെയും കാണാനില്ല...ഈശ്വരാ! ഇനി ഇവര്‍ എന്നെ കൂട്ടാതെ ടൂര്‍ പോയോ?..അല്പം അങ്കലാപ്പോടെ പുറത്തുവന്നു നോക്കിയപ്പോള്‍ അതാ അവര്‍ "ചാരുപടിയില്‍ നിന്നെയും കാത്തു" എന്ന ഭാവത്തോടെ റോഡിലേക്ക് നോക്കി ഇരിക്കുന്നു! എന്നെ കണ്ടപാടെ ഒറ്റ പറച്ചില്‍ ..."അത്യാവശ്യം വാഹനമൊക്കെ ഓടുന്നുണ്ട്...നമുക്കിന്നുതന്നെ പൊയിക്കൂടെ?"അപ്പോഴാണ്‌ അവര്‍ എത്രമാത്രം പ്രാധാന്യം യാത്രക്ക് കൊടുത്തു എന്ന് എനിക്ക് മസ്സിലായത്. പിന്നെ ഒട്ടും താമസിച്ചില്ല..കൂടെവരുന്ന സഹപ്രവര്‍ത്തകരുമായി ആലോചിച്ചു കുറച്ചു വൈകി യാത്ര പുറപ്പെട്ടു.ഒന്ന് മറന്നു പോയി ട്ടോ .. സമയം കൊണ്ട് എന്റെ പ്രിയതമ ആറേഴുപേര്‍ക്ക് സുഭിക്ഷമായി കഴിക്കാനുള്ള ഇഡലിയും സമ്മന്തിയും സാമ്പാറും തയ്യാറാക്കി വച്ചിരുന്നു!!!!എത്ര നല്ല ഭാര്യ...
സമരം സൃഷ്ടിച്ച ആശങ്കകള്‍ കാരണം യാത്ര തീരുമാനിച്ചതിലും ഏറെ വൈകിയാണ് തുടങ്ങിയത്. ഇരിട്ടി കഴിഞ്ഞു കാടുവഴി ചുരം കയറാന്‍ തുടങ്ങിയതോടെ വിശപ്പ്‌ ഏവരെയും ആക്രമിക്കാന്‍ തുടങ്ങി. പിന്നെ അമാന്തിച്ചില്ല...കൈയ്യിലെ ഇഡലിയും സമ്മന്തിയും എല്ലാവര്‍ക്കും മുന്നില്‍ നിരന്നു. മിനുട്ടുകള്‍ക്കകം എല്ലാം കാലി!!!...വൈകുന്നേരത്തോടെ ഞങ്ങള്‍ വൃന്ദാവനത്തില്‍ എത്തി.
കണ്ണിന്നമൃതധാരയാം വൃന്ദാവന്‍ !!!!!

മൈസൂരിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന മുഖ്യ ഘടകം വൃന്ദാവനം തന്നെ..വിവിധതരം പൂക്കളാല്‍ ,ജലധാരയാല്‍ , ദീപപ്രഭയാല്‍ മയങ്ങിനില്‍ക്കുന്ന പൂന്തോട്ടം കണ്ണുകള്‍ക്ക്‌ നല്ല വിരുന്നായി. ഇടക്കിടയ്ക്ക് വിശാലമായി കിടക്കുന്ന പുല്‍തുരുത്തുകള്‍ നമ്മെ മാടിവിളിക്കും....ഒന്നുകിടക്കാന്‍ ......ഒന്ന് ഉരുളാന്‍ .....ഒന്ന് ഇരിക്കാന്‍ .....ഏതായാലും അതിന്മേല്‍ കുറച്ചുസമയം ഇരിക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.....കുട്ടികള്‍ ഓടിക്കളിച്ചു... ഭാര്യമാര്‍ നുണകള്‍ പരഞ്ഞുരസിച്ചു...ഞങ്ങള്‍ സഹപ്രവര്‍ത്തകരെയും നാട്ടുകാരെയും കുറിച്ച് ദുഷിപ്പു പറഞ്ഞു ആഹ്ലാദിച്ചു.... സന്തോഷം ഏറെ സമയം നീണ്ടില്ല....മുളക് പൊടിയിട്ട, കീറിയ മാങ്ങാകഷ്ണങ്ങളും, വട്ടത്തില്‍ മുറിച്ചുവച്ച കക്കിരിക്കയും തിന്നുന്നത് ഒരു മത്സരമായി കുട്ടികളും സഹധര്‍മ്മണികളും ഏറ്റെടുത്തപ്പോള്‍ അവിടം വിടാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുകയായിരുന്നു! ഉദ്യാനം കണ്‍കുളിര്‍ക്കെ കണ്ട്‌ ഞങ്ങള്‍ എത്തിയത് സംഗീത ജലധാരക്ക് മുന്നിലാണ്. എഴു മണിക്കുള്ള പ്രദര്‍ശനം തുടങ്ങിയിരിക്കുന്നു..ഹാ!!!!എത്ര മനോഹരം കാഴ്ച! ആളുകളുടെ ശബ്ദഘോഷങ്ങളുടെ അകമ്പടിയോടെ ജലധാര പാട്ടിനനുസരിച്ച് നൃത്തച്ചുവട്‌ വച്ചപ്പോള്‍ അറിയാതെ.........
ഞങ്ങളും നൃത്തം വച്ചുപോയി!
ഏറെ വൈകിയാണ് നമ്മള്‍ വൃന്ദാവനത്തില്‍ നിന്ന് പുറത്തുകടന്നത്. പിന്നെ ഭക്ഷണം...... കേരള ഹോട്ടലില്‍ .....ഉറക്കം എന്റെ ഒരു ബന്ധുവിന്റെ ലോഡ്ജില്‍ .....
ഉമാശങ്കര്‍ ലോഡ്ജ് ...
ശങ്കര്‍ ലോഡ്ജിലെ കാളരാത്രി....
പകല്‍ യാത്ര എല്ലാവരെയും തളര്‍ത്തിയിരുന്നു...അതുകൊണ്ടുതന്നെ എത്രയും വേഗം കുളി ആദി കഴിച്ചു കിടക്കാന്‍ നോക്കുമ്പോള്‍ അതാ വരുന്നു സ്കൂള്‍ കുട്ടികളുടെ ഒരു പട.....തൃശൂര്‍ക്കാര്‍ ....പിന്നെ പാട്ടും കൂത്തും ബഹളവും....സ്വസ്ഥമായി ഉറങ്ങാന്‍ കിടന്ന ഞങ്ങള്‍ മുഖത്തോടുമുഖം നോക്കി ഇരിപ്പായി....എന്തുചെയ്യും?പെട്ടെന്ന് ഒരു പൊട്ടലും ചീറ്റലും...ഇലക്ട്രിക് ബോര്‍ഡിന്റെ അടുത്തുനിന്നാണ്‌... അതോടെ കറണ്ടും പോയി!.......സുഖം...ഫാന്‍ നിന്നതോടെ ചൂടും കൊതുകും സജ്ജീവമായി... ഉറങ്ങിയ കുട്ടികള്‍ ഉണര്‍ന്നു കരയാന്‍ തുടങ്ങി...ഒരുഭാഗത്ത്‌ സ്കൂള്‍ കുട്ടികളുടെ വിപ്ലവം...മറുഭാഗത്ത് അത്യുഷ്ണവും കൊതുകും...അങ്ങിനെ ഉറങ്ങാതെ....ഉണരാതെ ...പരസ്പരം പ്രാകി.... കഴിഞ്ഞു ദിനം. യാത്രക്കിടെ വഴിക്കുവച്ച് യാത്ര ഒരിക്കലും മറക്കാന്‍ പറ്റാത്തതാകുമെന്നു ഞാന്‍ വെറുതെ തട്ടിവിട്ടിരുന്നു...അത് അക്ഷരം പ്രതി സത്യമായെന്നു അല്പം പരിഭവത്തോടെ എല്ലാവരും പറഞ്ഞപ്പോള്‍ വേണ്ടാത്ത ഒരു ബടായിയും ഇനി പറയില്ലെന്ന് ഉറച്ചു....
രാവിലെ ഉണരേണ്ടി വന്നില്ല....നേരത്തെ പ്രഭാത കര്‍മ്മങ്ങള്‍ നടത്തി കാഴ്ച്ച കാണാന്‍ തയ്യാറായി എല്ലാവരും...ഉറങ്ങാത്തതിന്റെ ക്ഷീണം അല്പമെങ്കിലും കുറഞ്ഞത്‌ പ്രഭാത ഭക്ഷണത്തിനു ശേഷമാണ്..
മനം കവരുന്ന മൈസൂര്‍ പാലസ്!!!!!
കൊട്ടാരത്തിലേക്ക് പ്രവേശിക്കുന്ന സഞ്ചാരികളെ ആദ്യം സ്വീകരിക്കുക മനോഹരമായ ഉദ്യാനമാണ്.വിവിധതരം പൂക്കളാല്‍ നിറഞ്ഞു നില്‍ക്കുന്ന ഉദ്യാനം മൈസൂര്‍ വൃന്ദാവന്റെ മറ്റൊരു പതിപ്പുതന്നെ...മൈസൂരില്‍ എവിടെയുമുണ്ട് ഇത്തരം പൂന്തോട്ടങ്ങള്‍ ..എന്നാല്‍ കേരളത്തിലോ?..ചില കാര്യങ്ങളില്‍ തൊഴണം നാം അവരെ...എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് എനിക്ക്...പരിശോധന കഴിഞ്ഞു നമ്മെ കൊട്ടാരത്തിനു അകത്തേക്ക് കടത്തിവിട്ടതോടെ ചിത്രമാകെ മാറി...ചൂടില്‍ നിന്നു നല്ല തണുപ്പ്...കൊട്ടാരത്തിലെ ചുവര്‍ചിത്രങ്ങള്‍ ശരിക്കും നമ്മെ കോള്‍മയിര്‍ കൊള്ളിച്ചു! കൊട്ടാരമുറ്റവും രാജസിംഹാസനവും രാജസദസ്സും അവര്‍ ഉപയോഗിച്ച വാളും മറ്റുപകരണങ്ങളും ആരെയും അതിശയിപ്പിക്കും...തീര്‍ച്ച...സ്വര്‍ണത്താല്‍ തീര്‍ത്ത രഥവും വെള്ളിയില്‍ തീര്‍ത്ത വാതിലും കാണേണ്ട കാഴ്ച തന്നെ! കൊട്ടാരം കണ്ടു പുറത്തിറങ്ങിയ ഞങ്ങള്‍ കുറച്ചുസമയം കൊട്ടാര മുറ്റത്തെ മരത്തണലില്‍ ഇരിക്കാന്‍ തീരുമാനിച്ചു..അപ്പോഴാണ് മറ്റൊരു കാഴ്ച്ച ശ്രദ്ധിച്ചത്...ഒരാന അഞ്ചുപത്തു തടിയന്മാരെയും പേറി കൊടുംചൂടില്‍ നടന്നുപോകുന്നു...ആനസഞ്ചാരം.....ആനയെ ഒന്ന് തൊടാന്‍ ചില്ലറ കൊടുക്കണം...ചില്ലറ അതിന്റെ തുമ്പിക്കയ്യില്‍ വച്ചാല്‍ മതി.. പണം നേരെ മുകളിലിരിക്കുന്ന പാപ്പാന്റെ കയ്യില്‍ കൊടുത്തിട്ട് നമ്മെ തുമ്പിക്കയ്യു തലയില്‍ വച്ചു അനുഗ്രഹിക്കും.ആനയെ വച്ചു ഇങ്ങനെ എത്ര കാശു അവര്‍ ഉണ്ടാക്കുന്നു? .പാവം ആന.... ഇത് എത്ര കാലമായിട്ടുണ്ടാകും ചെയ്യാന്‍ തുടങ്ങിയിട്ട്? പീഡനത്തെ എതിര്‍ക്കാന്‍ ആരുമില്ലേ? പിന്നെ അവിടെ നില്‍ക്കാന്‍ തോന്നിയില്ല...പുറത്തേക്ക് നടന്നു...ഏതായാലും കൊട്ടരക്കാഴ്ചകള്‍ എല്ലാവരെയും ഏറെ സന്തോഷിപ്പിച്ചു എന്ന് പറയാതെ തരമില്ല. ലോഡ്ജിലെ കാളരാത്രി തല്ക്കാലത്തെക്കെങ്കിലും മറക്കാന്‍ ഇതുകൊണ്ടായി...ആശ്വാസം...
പക്ഷി സങ്കേതം
ഉച്ച ഭക്ഷണത്തിനു ശേഷം നേരെ പോയത് ശ്രീരംഗ പട്ടനത്തിനടുത്തുള്ള പക്ഷി സങ്കേതത്തിലേക്കാണ് . ഒരു പുതിയ അനുഭവം തന്നെ ആയിരുന്നു അത്. വിശാലമായ.... നീണ്ടു നിവര്‍ന്നു കിടക്കുന്ന പുഴ.... പുഴയില്‍ അങ്ങിങ്ങായി ചെറു തുരുത്തുകള്‍ ......വിവിധതരം പക്ഷികള്‍ പുഴയ്ക്കു ചുറ്റും കൊച്ചു തുരുത്തുകളിലും പാര്‍ക്കുന്നു.മൊത്തത്തില്‍ പക്ഷിമയം! തുരുത്തുകളിലെ കല്ലിന്മേല്‍ വാ തുറന്നു വച്ചു ധ്യാനത്തിലിരിക്കുന്ന മുതലകള്‍ .....ഇതെല്ലാം കണ്ടുകൊണ്ടുള്ള ഒരു തോണി യാത്ര! തോണി തുഴയാന്‍ അവിടെ തൊഴിലാളികള്‍ ഉണ്ട്...അവര്‍ ഓരോ പക്ഷികളെയും പരിചയപ്പെടുത്തുകയും ചെയ്യും...ഒരു സുഖമുള്ള യാത്ര! ഒരുപക്ഷെ യാത്രയില്‍ നമ്മെ ഏറെ സന്തോഷിപ്പിച്ചത് സങ്കേതം തന്നെയാവണം...
വളരെ വൈകിയാണ് തിരിച്ചു മൈസൂരില്‍ തിരിച്ചെത്തിയത്‌.പിന്നെ ഒരു ഷോപ്പിംഗ്‌...ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ടു നടന്നുവരുന്ന ഒരു എക്സിബിഷന്‍ അവിടെ ഉണ്ടായിരുന്നു...വളരെ ഗംഭീരം തന്നെ അത്...പര്‍ച്ചേ സിങ്ങിലും പലതരം വിനോദക്കളികളിലും നമ്മുടെ ഭാര്യമാരും കുട്ടികളും മുഴുകിയപ്പോള്‍ കാലിയാകുന്ന കീശ നോക്കി നെടുവീര്‍പ്പിടാനെ എനിക്കും എന്റെ കൂട്ടുകാര്‍ക്കും പറ്റിയുള്ളൂ...ഭക്ഷണത്തിനുശേഷം വീണ്ടും ശങ്കര്‍ ലോഡ്ജില്‍ ! തലേന്നുള്ള അനുഭവം ചെറിയ ഭയമായി ഉള്ളിലുണ്ട്...പക്ഷെ ഒന്നുമുണ്ടായില്ല...സ്കൂള്‍ കുട്ടികള്‍ രാവിലെ തന്നെ പോയിരുന്നു...കറണ്ട്‌ വന്നിരുന്നു....ശാന്തമായി ഉറങ്ങി..
മൈസൂര്‍ മൃഗശാല
കാലത്ത് തന്നെ എല്ലാവരും ഉണര്‍ന്നു...പ്രത്യേകിച്ച് കുട്ടികള്‍ ...അവര്‍ക്ക് കാണേണ്ടത് മൃഗങ്ങളെയായിരിക്കുമല്ലോ .പ്രഭാത ഭക്ഷണത്തിനു ശേഷം മൃഗശാലയില്‍ ....അകത്തുകടന്ന ഞങ്ങള്‍ ആദ്യം ശ്രദ്ധിച്ചത് അവിടെ കണ്ട വൃത്തിയും വെടിപ്പും ആയിരുന്നു...കാണണം കേരളീയര്‍ അവരെ...തിരുവനന്തപുരത്തുമുണ്ടല്ലോ മൃഗശാല? ....അല്ലെങ്കില്‍ ഇവിടെയുള്ളവര്‍ക്ക് അതിനെവിടെ നേരം?നാനാവിധത്തിലുള്ള മൃഗങ്ങളും പക്ഷികളും കുട്ടികള്‍ക്ക് അത്ഭുതമായി...അതുകണ്ട നമുക്ക് സന്തോഷമായി...അവര്‍ മൃഗങ്ങളോട് കൊഞ്ചുകയും വഴിയിലൂടെ ഓടിച്ചാടി നടക്കുകയും ചെയ്യുന്നത് കണ്ടു നില്‍ക്കാന്‍ എതൊരു അച്ഛനും അമ്മയും ആണ് ആഗ്രഹിക്കാത്തത്? ടൂറിന്റെ സുഖം അപ്പോഴാണ്‌ ശരിക്കും നാം അറിഞ്ഞത് ....
കുശാല്‍ നഗര്‍
ഏറെ പ്രദീക്ഷയോടെ നാം കുശാല്‍ നഗറില്‍ എത്തുമ്പോള്‍ സമയം വൈകീട്ട് 3 മണി.പക്ഷെ നിരാശയായിരുന്നു ഫലം..മഴ....ശക്തമായ മഴ... മഴയില്‍ മുങ്ങിപ്പോയത് നമ്മുടെ അവിടുത്തെ കാഴ്ചകളായിരുന്നു..ബുദ്ധ ഭിക്ഷുക്കളുടെ സുവര്‍ണ ക്ഷേത്രവും കാണേണ്ടത് തന്നെ...വിശാലമായ ഹാളും സ്വര്‍ണ്ണ ഗോപുരവും ആരെയും അത്ഭുതപ്പെടുത്തും .ക്ഷേത്രത്തിന്നകത്തെ കൊത്തുപണികളും വര്‍ണചിത്രങ്ങളും മൈസൂര്‍ പാലസ്സിനെ അനുസ്മരിപ്പിക്കുന്നതാണ്...
ടിബറ്റന്‍ കോളനിക്ക് ഒരു ചരിത്ര പശ്ചാത്തലമുണ്ട്...ആഭ്യന്തര പ്രശ്നങ്ങള്‍ കാരണം ടിബറ്റില്‍ നിന്ന് പാലായനം ചെയ്ത ബുദ്ധ ഭിക്ഷുക്കളെ അഭയാര്‍ഥികളായി കണ്ടു അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ,ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലായി ഭൂമി ദാനം നല്‍കി. ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാല,കര്‍ണാടകയിലെ കുശാല്‍നഗര്‍ ...... ഇപ്പോള്‍ ഇവ ബുദ്ധമത തീര്‍ഥാടന കേന്ദ്രങ്ങളാണ്.
ഏതായാലും നേപ്പാളില്‍ പോകാതെ നേപ്പാളികളെയും ബുദ്ധ ഭിക്ഷുക്കളെ കാണാന്‍ കഴിഞ്ഞല്ലോ...അതൊരു കാര്യം തന്നെ..ഏകദേശം രാത്രി എട്ടു മണിയോടെ ഞങ്ങള്‍ ടിബറ്റിന്‍ കോളനിയോടുവിടപറഞ്ഞു.പിന്നെ നേരെ വിട്ടിലേക്ക്‌...അങ്ങിനെ രണ്ടു ദിവസത്തെ മൈസൂര്‍ , കുശാല്‍ ഓര്‍മ്മകളുമായി വീട്ടിലെത്തിയത് രാത്രി രണ്ടു മണിക്ക്
ചൊറയുടെ തുടക്കം...
കുശാല്‍ നഗറിലെ മഴ എന്നെ നന്നായി ബാധിച്ചു. ഉറങ്ങി എഴുന്നേറ്റ എനിക്ക് സാമാന്യം നല്ല പനി തുടങ്ങി. സഹധര്‍മ്മിണിയും കുട്ടികളും ഒളിഞ്ഞും തെളിഞ്ഞും ചിരിക്കാനും കളിയാക്കാനും തുടങ്ങി.ടൂറിനു പണം പോയ വിഷമമായിരിക്കാം പനിക്ക് കാരണമെന്ന് അവര്‍ കണ്ടെത്തി...ഏതായാലും രാത്രിയോടെ പനി കൂടി..ഉടന്‍ ഡോക്ടറുടെ അടുത്ത്..പനിക്കും തണുപ്പിനും ചുമക്കും...ധാരാളം മരുന്നുകള്‍ ഒരു കരുണയുമില്ലാതെ അവര്‍ എഴുതിത്തന്നു.നല്ലൊരു തുകയും ശൂ....ഒരാശ്വാസം...പനി എനിക്കല്ലേ വന്നുള്ളൂ....രണ്ടു ദിവസം കൊണ്ട് ഞാന്‍ ഓക്കേ...അന്ന് സ്കൂളില്‍ നിന്ന് തിരിച്ചെത്തിയ ഞാന്‍ കാണുന്നത് എന്റെ രണ്ടു മക്കളും പനിച്ചു കിടക്കുന്നതാണ്! കുട്ടികളുമായി വീണ്ടും ഞാന്‍ ഡോക്ടറുടെ അടുത്ത്...അവര്‍ക്കും കിട്ടി മരുന്നുകളുടെ ഒരു കെട്ട്.....മരുന്നും കുട്ടികളുമായി വീട്ടിലെത്തിയപ്പോള്‍ ചങ്ക് പൊട്ടുന്ന മറ്റൊരു കാഴ്ച!എന്റെ നല്ലവളായ ഭാര്യ പുതച്ചങ്ങനെ കിടക്കുന്നു...ഭാര്യയുമായി ഒരിക്കല്‍ കൂടി ഞാന്‍ ഡോക്ടറുടെ അടുത്തെത്തുന്നു....മരുന്ന് വാങ്ങുന്നു...ക്ഷീണിതനായി വീട്ടിലെത്തുന്നു....സമാധാനം ..ഇനി ആര്‍ക്കും പനിവരാനില്ലല്ലോ..കുട്ടികളും രണ്ടുമൂന്നു ദിവസം കൊണ്ട് പെര്‍ഫെക്റ്റ്‌..പക്ഷെ ഓളുടെ കാര്യമാണ് കഷ്ടം...കൊല്ലം തീരാന്‍ കേവലം ഒരുമാസം മാത്രം ബാക്കി നില്‍ക്കെ കേവലം മൂന്ന് ലീവുമായി അഹങ്കരിച്ച മൂപ്പര്‍ക്ക് ഈവകയില്‍ നഷ്ടപ്പെട്ടത് പത്ത് ലീവ്! എന്നാല്‍ ഇതൊന്നുമല്ല അവളെ ഏറെ ദുഖിപ്പിച്ചത്..... ഞങ്ങള്‍ക്കൊപ്പം വന്ന എന്റെ സഹപ്രവര്‍ത്തകര്‍ ആരോഗ്യത്തോടെ ഓടിച്ചാടി നടക്കുന്ന വാര്‍ത്ത കേട്ടിട്ടാണ്...അവര്‍ക്കൊന്നും വരാത്ത പനി നമ്മെ എങ്ങിനെ പിടികൂടി ന്നാവാം ഇപ്പോള്‍ അവള്‍ ചിന്തിക്കുന്നുണ്ടാവുക .....ചുരുക്കത്തില്‍ ടൂറിനെക്കാള്‍ ചെലവ് പനിച്ചിലവിനായി..അത്ര തന്നെ...
ഏതുനേരത്താണാവോ എനിക്ക് റൊമാന്റിക് മൂഡുവന്നത്? ഏതായാലും അതില്‍പ്പിന്നെ ഞാന്‍ ഒഴിവുദിനത്തില്‍ രാവിലെ പുറത്ത് ചാരുപടിയില്‍ കാലും നീട്ടിവച്ചു ചൂടുചായ ഊതി
യൂതി കുടിക്കാന്‍ മുതിരാറില്ല...എപ്പോഴാണ് വീണ്ടും റൊമാന്റിക് മൂഡു വരുന്നതെന്ന് പറയാന്‍ പറ്റില്ലല്ലോ...മനുഷ്യന്റെ കാര്യമല്ലേ?