ദര്‍ശനം

2010, ഡിസംബർ 25, ശനിയാഴ്‌ച

മുത്തങ്ങ ക്യാമ്പ്

സ്നേഹ സന്ദേശവുമായി ഒരു പ്രകൃതി പഠന ക്യാമ്പ്
എട്ടാംതരം അടിസ്ഥാന പാഠാവലിയില്‍ ഒരു പാഠമുണ്ട്‌......'ശിശിരത്തിലെ ഓക്കുമരം'.....കാടിനെ ജീവനുതുല്ല്യം സ്നേഹിക്കുന്ന സവുഷ്കിന്‍ ക്ലാസ് ടീച്ചറുടെയും മറ്റു കുട്ടികളിടെയും കണ്ണില്‍ 'എപ്പോഴും വൈകിയെത്തുന്ന' ചീത്തക്കുട്ടിയാണ്. ഇങ്ങനെ നിത്യവും വൈകുന്നതിനു പ്രത്യേകിച്ചു ഒരു കാരണവും അവനു പറയാനില്ല......വീട്ടില്‍ നിന്ന് നേരത്തെ ഇറങ്ങാറുണ്ട്‌...വരവ് നല്ല വഴി വിട്ടു കാട്ടിലൂടെ.....അത്രമാത്രം....ചെക്കന്റെ ഈ സ്വഭാവം മാറ്റിയെടുക്കാന്‍ തന്നെ ടീച്ചര്‍ തീരുമാനിച്ചു.അവര്‍ അവന്റെ വീട്ടുകാരെ കാണാന്‍ ഒരു ദിവസം സ്കൂള്‍ വിട്ടു അവനോടൊപ്പം യാത്രയായി.സ്ഥിരം യാത്ര ചെയ്യുന്ന കാട്ടിലൂടെ തന്നെ ആയിരുന്നു ഇത്തവണയും അവന്‍ നടന്നു നീങ്ങിയത്. കാടിന്റെ വന്യത ടീച്ചറെ അല്പം ഭയപ്പെടുത്തി...പക്ഷെ ...കാട്ടിലെത്തിയതോടെ അവന്റെ മുഖം പ്രസരിച്ചു....ക്ലാസിലെ മൂകത അവനില്‍നിന്നു ഓടിയൊളിച്ചു.കാട്ടിലെ ഓരോ ജീവിയേയും അവന്‍ സൂക്ഷ്മമായി പരിശോധിക്കുന്നത് അവര്‍ ശ്രദ്ധിച്ചു. ഓരോന്നിനെ കുറിച്ചും അവന്‍ വാചാലനായി. കാടിനെ കുറിച്ചുള്ള അവന്റെ അറിവും തന്റെ അറിവില്ലായ്മയും അവര്‍ക്ക് നന്നേ ബോധ്യപ്പെട്ടു. വൈകി എത്താനുള്ള കാരണം കണ്ടെത്തിയ ടീച്ചര്‍ പിന്നെ വീട്ടുകാരെ കാണാന്‍ പോവാതെ അവനെ അനുഗ്രഹിച്ചിട്ടാണ് തിരിച്ചത്.
വളര്‍ന്നുവരുന്ന ഇന്നത്തെ തലമുറയ്ക്ക് മാതൃകയാണ് സവുഷ്കിന്‍ .വനനശീകരണം ഒരു ഫാഷനായി കാണുന്ന നമുക്ക് ഈ പാഠം ഒരു ഗുണപാഠമാണ് .കാടിനെ ഇനിയെങ്കിലും സ്നേഹിച്ചു തുടങ്ങണം നാം . എങ്കിലേ വെള്ളത്തിനായുള്ള വരാന്‍ പോകുന്ന യുദ്ധത്തെ നമുക്ക് തടയാനാകൂ. ഇതിന്റെ ആദ്യ സംരംഭം വിദ്യാലയത്തില്‍ നിന്നുതന്നെ തുടങ്ങണം.ഇതിനായി കരളസര്‍ക്കാരും വനംവകുപ്പും സംയുക്തമായി 'എന്റെ മരം' പദ്ധതിയും തുടങ്ങിവച്ചു. വളരെ വിജയപ്രദമായിരുന്നു ഈ പദ്ധതി എന്ന് പറയാതെ വയ്യ.പറമ്പുകളില്‍ ഓരോ മരമെങ്കിലും വളരാന്‍ തുടങ്ങി.
പ്രകൃതിയെ അറിയാന്‍ ,അവയെ സ്നേഹിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പ്രധാന ക്ലബ് ഉണ്ട് നമ്മുടെ സ്കൂളില്‍ .(സി എച്ച് എം ഹൈസ്കൂള്‍ എളയാവൂര്‍ , കണ്ണൂര്‍ )ഡോക്ടര്‍ സലിംഅലി നേച്ച്വര്‍ക്ലബ് .എല്ലാവര്‍ഷവും ഇവരുടെ നേതൃത്ത്വത്തില്‍ 3 ദിവസത്തെ വനവാസ ക്യാമ്പ് നടത്താറുണ്ട്‌. ഇത്തവണ പോയത് മുത്തങ്ങയിലേക്കായിരുന്നു. ആദിവാസി പ്രശ്നം കൊണ്ട് പേരുകേട്ട മുത്തങ്ങ എന്തുകൊണ്ടും കാണേണ്ടത് തന്നെ എന്ന് കരുതി ഞാനും അവരുടെ കൂടെ പുറപ്പെട്ടു.
36 കുട്ടികളും 5 അധ്യാപകരും അടങ്ങുന്ന ഗ്രൂപ്പ് രാവിലെ ഒന്‍പതു മണിക്ക് യാത്ര തിരിച്ചു. ഈ ക്യാമ്പിനു ധാരാളം കുട്ടികള്‍ പേര്‍ കൊടുത്തെങ്കിലും 35 പേര്‍ക്ക് മാത്രമേ ക്യാമ്പില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളൂ.അതുകൊണ്ട് തന്നെ അഭിരുചി പരീക്ഷ നടത്തിയാണ് കുട്ടികളെ തിരഞ്ഞെടുത്തത്.അതിനാല്‍ വന്ന കുട്ടികള്‍ ക്യാമ്പിനു നല്ല താല്‍പര്യമുള്ളവരായിരുന്നു. പോകുംവഴി ബാണാസുര സാഗര്‍ ഡാം കണ്ടു. വനവാസ ക്യാമ്പ് ആയതുകൊണ്ട് തന്നെ ഡാം സന്ദര്‍ശനം പ്രസക്തമായി. നിറയെ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന കൊച്ചു വൃന്ദാവനം ഡാമിന് കൂടുതല്‍ മിഴിവേകി. ഉയര്‍ന്ന ജലവിതാനം ഡാമിന്റെ പ്രതാപകാലമാണ്. അതാണ്‌ നമുക്ക് അവിടെ കാണാന്‍ കഴിഞ്ഞത്.
പിന്നീട് എത്തിച്ചേര്‍ന്നത്‌ പ്രസിദ്ധമായ പൂക്കോട് തടാകത്തിലാണ്. കാടിന് നടുവില്‍ മനോഹരമായ ഒരു തടാകം..........കാടിന്റെ സൗന്ദര്യം കാണാന്‍ ഇവിടെ തന്നെ വരണം.ബോട്ടിങ്ങ് വഴി അത് നമുക്ക് പൂര്‍ണമായി ആസ്വദിക്കാം,. കുട്ടികള്‍ക്കായി ഒരുക്കിവച്ച കൊച്ചു പാര്‍ക്കും അക്വേറിയവും ഇതിന്റെ പ്രത്യേകതയാണ് .പക്ഷെ സന്ദര്‍ശകരെ കൊണ്ട് വീര്‍പ്പുമുട്ടുകയാണ് തടാകം എന്നെനിക്കു കുറച്ചു സമയം അവിടെ ചിലവഴിച്ചപ്പോള്‍ തോന്നിപ്പോയി എന്നതാണ് സത്യം .
അവരവര്‍ കൊണ്ടുവന്ന ഉച്ചഭക്ഷണത്തിന്റെ പൊതി തുറന്നത് അവിടെ വച്ചാണ്. .....കാടിന് നടുവില്‍ വച്ച് ഒരു തീറ്റി.....വീട്ടില്‍ തീന്മേശക്ക് ചുറ്റും ഇരുന്നു തിന്നു മടുത്ത നമുക്ക് ഇത് ഒരു പുത്തന്‍ ഉണര്‍വായി.
മുത്തങ്ങ ക്യാമ്പില്‍ എത്തിയത് വൈകീട്ട് അഞ്ചു മണിക്കാണ്. നാല് മണി മുതല്‍ അവര്‍ നമ്മെ കാത്തിരിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ ഈ ക്യാമ്പിനു കൊടുത്ത പ്രാധാന്യം വ്യക്തമായി. അവിടെ എത്തിയപ്പോള്‍ യാത്രാക്ഷീണത്തിന് പകരം പുതിയൊരു ഉന്മേഷമാണ് എനിക്ക് ഉണ്ടായത്. ചായ,ബിസ്കറ്റ് നമുക്കായി കാത്തു നിന്നിരുന്നു. പിന്നെ അല്പം വിശ്രമം....വൈകീട്ട് ഏഴു മണിക്ക് അവരുടെ ഒരു ക്ലാസ്സ് ....
അസി.വൈല്‍ഡുലൈഫ് ഗാര്‍ഡു ദിവാകരന്‍ സാര്‍ , ഫോറസ്റെര്‍ രാഗേഷ് സാര്‍ ,ശ്രീ സുനില്‍ എന്നിവരായിരുന്നു ക്ലാസ് കൈകാര്യം ചെയ്തത്. പല പുതിയ അറിവുകളും കുട്ടികള്‍ക്കും നമുക്കും അവിടെ വച്ച് നേടാനായി.....
* മുത്തങ്ങ വനത്തിന്റെ വിസ്തീര്‍ണം 344.5 കി.മീ. സ്ക്വയരാണ്.
* ഇവിടെ കൂടുതലും സുഷ്ക വനങ്ങളാണ്.
* മൂന്നു സംസ്ഥാനങ്ങളുടെ സംഗമമാണ് ഇവിടം..(കര്‍ണ്ണാടക,തമിഴ്‌നാട് ,കേരളം)
* ഡക്കാന്‍ പീoഭൂമി അവസാനിക്കുന്നത് മുത്തങ്ങയിലാണ്.
* കേരളത്തിലെ വളര്ത്താനകളില്‍ ഏറ്റവും വലിയ കൊമ്പുള്ള ആന ഇവിടുത്തെ ദിനേശനാണ്.
അറിവുകള്‍ അങ്ങനെ പോകുന്നു.....
കൂടാതെ കേരളത്തിലെ വന്യജീവികളെ കുറിച്ചും നാഷണല്‍ പാര്‍ക്കുകളെ കുറിച്ചും സാമാന്യം നാല്ലൊരു ധാരണ ആ ക്ലാസ്സില്‍ വച്ച് കിട്ടി.
ക്യാമ്പില്‍ തനതായ നാടന്‍ ഭക്ഷണമായിരുന്നു വനപാലകര്‍ നമുക്കായി ഒരുക്കിയത്. അവസാന ദിവസം നല്ലൊരു സദ്യ തരാനും അവര്‍ മടിച്ചില്ല. ഉച്ചക്കും രാത്രിക്കും ചോറ്,പുളിങ്കറി,സാമ്പാറ്‌, വറവ്, നെല്ലിക്ക അച്ചാര്‍ , പപ്പടം....രാവിലെ ഉപ്പുമാവ്, അച്ചാര്‍ , പഴം...എന്നും ചിക്കനും മട്ടനും ബീഫും തിന്നു മടുത്ത ഞങ്ങള്‍ക്ക് ഈ ഭക്ഷണ മാറ്റം നന്നേ ബോധിച്ചു.
ക്യാമ്പിന്റെ ഒന്നാം ദിവസത്തിന്റെ സവിശേഷത ട്രക്കിംഗ് ആയിരുന്നു. അതിരാവിലെ തന്നെ ഫോറസ്റ്റ് ഗാര്‍ഡ് നമുടെ മുന്നില്‍ ഹാജരായി. പിന്നീട് രാജീവന്‍ സാറിന്റെയും ഈ ഗാര്‍ഡിന്റെയും അകമ്പടിയോടെ കാട്ടിലേക്കിറങ്ങി നാം. സവുഷ്കിനെ ഓര്‍മ്മിച്ചത് അപ്പോഴാണ്‌. ആദ്യം നമ്മെ സ്വാഗതം ചെയ്തത് ദിനേശനായിരുന്നു. നീണ്ട കൊമ്പോടെ തലയെടുത്ത് നില്‍ക്കുന്നു...അവന്‍ ....ഇത്രയും നീണ്ട കൊമ്പുള്ള ഒരാനയെ കണ്ട്‌ അന്തം വിട്ടുനില്‍ക്കുകയാണ് കുട്ടികള്‍ ....
വനപാലകര്‍ വീണ്ടും മുന്നോട്ട്....കാടിന്റെ വന്യതയും സൌന്ദര്യവും നുകര്‍ന്നു കൊണ്ട് നമ്മളും...വമ്പന്‍ വടവൃക്ഷങ്ങള്‍ , നിറയെ നെല്ലിക്കയും താങ്ങി നില്‍ക്കുന്ന നെല്ലിമരങ്ങള്‍ , നിലംപൊത്തി വീണ വന്‍ വൃക്ഷങ്ങള്‍ , ചതുപ്പ് നിലങ്ങള്‍ , പുല്‍മേടകള്‍ അങ്ങിനെ പലതും ഞങ്ങള്‍ ഈ യാത്രയില്‍ കണ്ടു.കാടിന്റെ പലമുഖങ്ങള്‍ !കാട്ടുപോത്ത്, മാന്‍ , മയില്‍ , തുടങ്ങിയവയെ നേരിട്ട് കാണാനും കഴിഞ്ഞു. ഒരുപക്ഷെ ഇത്രയധികം മാനുകള്‍ നമുക്ക് വേറെ എവിടെയെങ്കിലും കാനാകുമോ എന്ന് സംശയം...അത്രയുണ്ട്‌ അവിടെ!
ഏഴു മണിക്കൂറോളം ആ കാട്ടിലൂടെ ഞങ്ങള്‍ നടന്നു.തുടര്‍ച്ചയായ നടത്തം നമ്മെ തെല്ലും തളര്‍ത്തിയില്ല എന്നത് ഇന്നും എന്നെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്. സ്വതവേ ഒരഞ്ചുമിനിട്ട് നടന്നാല്‍ തളരുന്ന ഒരാളാണ് ഞാന്‍ എന്നും ഓര്‍ക്കണം...എന്തായാലും കാട് കാട് തന്നെ...
രണ്ടുമണിയോടെ താമസസ്ഥലത്ത് തിരിച്ചെത്തിയത്‌ വിശന്നു വലഞ്ഞായിരുന്നു. നമ്മളില്‍ പലരും വിശപ്പ്‌ അറിഞ്ഞത് അന്നായിരുന്നു...ഭക്ഷണത്തിനു ഇത്രയും രുചി ഉണ്ടാകുമെന്ന് അറിഞ്ഞതും അന്നാണ്. അവര്‍ തന്ന ചോറും പുളിങ്കറിയും അച്ചാറും പപ്പടവും കൂട്ടിക്കുഴച്ചങ്ങനെ തിന്നപ്പോള്‍ എന്തോ ഒരു പ്രത്യേകത.....ഒരു വല്ലാത്ത രുചി.....

അല്പം വിശ്രമം...അതിനു ശേഷം കുട്ടികളെ ശ്രീ രാജീവന്‍ സാര്‍ പുറത്ത് ഒരു പുല്‍ത്തകിടിയില്‍ വട്ടമിട്ടിരുത്തി അനുഭവങ്ങള്‍ പങ്കുവക്കാന്‍ ആവശ്യപ്പെട്ടു. എല്ലാവരും വാചാലരായി...ക്ലാസില്‍ മിണ്ടാപ്രാണികളായിരുന്ന പലരും ഇവിടെ ശബ്ദമുയര്‍ത്തിയപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു..ഓരോരുത്തരും തങ്ങളുടെ അനുഭവങ്ങള്‍ പറയാന്‍ മത്സരിക്കുകയായിരുന്നു..സത്യത്തില്‍ ഇതല്ലേ ക്ലാസ് മുറിയില്‍ നടക്കേണ്ടത്‌?
വൈകീട്ട് വീണ്ടും വനയാത്ര...ഇത്തവണ പോയത് നമ്മള്‍ വന്ന സ്കൂള്‍ വണ്ടിയില്‍ ....കാടറിഞ്ഞു, അനുഭവിച്ച്, മുന്നോട്ട്....മുന്നോട്ട്...നേരം ഇരുട്ടിയതോടെ ആണ് തിരിച്ചത്...പോയ പ്രതീതി ആയിരുന്നില്ല തിരിച്ചുവരുമ്പോള്‍ .....ഇരുട്ടായത്തോടെ കാടിന്റെ സ്വഭാവം മാറി...ഒരുതരം ശൌര്യം വന്നപോലെ....ചീവീടുകളുടെ ശബ്ദം മാത്രം....ഇടയ്ക്ക് മാനുകളുടെ കുറുകല്‍ .....പെട്ടെന്ന് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരാനയുടെ ചിഹ്നംവിളി!ഈശ്വരാ...സകല ദൈവങ്ങളെയും വിളിച്ചുപോയി...എങ്ങനെയെങ്കിലും കാടിന് പുറത്ത് കടന്നാല്‍ മതി എന്നായി നമുക്ക്.....
രാത്രി പലര്‍ക്കും കുളിക്കാന്‍ മടി...വന്ന ദിവസം മുതല്‍ കുളിക്കാത്തവരുമുണ്ട്...കാരണം നല്ല തണുപ്പ് തന്നെ...വെള്ളം ഐസ് പോലെ! തണുപ്പിനെ കുറിച്ച് പറഞ്ഞപ്പോള്‍ ഗാര്‍ഡു മറ്റൊരു കാര്യം വെളിപ്പെടുത്തി....ആരും ആശങ്കപ്പെടുന്ന കാര്യം....മുത്തങ്ങയില്‍ തണുപ്പ് കുറഞ്ഞു കുറഞ്ഞു വരികയാ ണത്രെ...വയനാടിന്റെ തനതായ കൃഷികള്‍ പോലും കുറഞ്ഞു വരികയാണ്!എങ്ങനെ പോയാല്‍ ഒരഞ്ചു വര്‍ഷം കഴിഞ്ഞാല്‍ ? രാത്രി ഭക്ഷണത്തിനു ശേഷം കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.എല്ലാവരും നല്ല ഫോമിലായിരുന്നു പാട്ട്,ഡാന്‍സ്.,........നല്ല അരങ്ങ്‌.....
രണ്ടാം ദിവസം രാവിലെ നടന്നത് പക്ഷി നിരീക്ഷണമാണ്. നമ്മെയും കൂട്ടി ഗാര്‍ഡു എത്തിയത് മുളങ്കാടുകള്‍ക്കു നടുവിലാണ്...ഒത്തിരി പക്ഷികളെ നമുക്കവിടെ കാണാനായി...അവ ഓരോന്നിനെയും അവര്‍ വിശദീകരിച്ചു തരികയും ചെയ്തു. ഈ യാത്രയിലൂടെ കുട്ടികള്‍ക്ക് കിട്ടിയത് പക്ഷികളെ കുറിച്ചൊരു ചെറു വിവരവും, നിരീക്ഷണപാടവ ശേഷിയുമാണ്. പ്രഭാത ഭക്ഷണത്തിനു ശേഷം വീണ്ടും ഒരു കൂടിയിരുപ്പ്‌......രണ്ടു ദിവസത്തെ അനുഭവങ്ങള്‍ മുഴുവന്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് വനപാലകര്‍ തയ്യാറാക്കിയ ക്വിസ് പ്രോഗ്രാം ...മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് വയനാടിന്റെ ചരിത്രം കുറിച്ച പുസ്തകങ്ങള്‍ സമ്മാനമായി നല്‍കി, അംഗത്വ സര്‍ട്ടിഫിക്കറ്റും,പിന്നെ വിഭവസമൃദ്ധമായ സദ്യ, പാല്‍പായസം അടക്കം.....രണ്ടുദിവസം സ്വന്തം മക്കളെ പോലെ നോക്കിയ ഔദ്യോഗസ്ഥരോട് എങ്ങിനെ നന്ദി പറഞ്ഞാലാണ് മതിയാവുക? ഒരു പക്ഷെ അവരുടെ കാടുജീവിതത്തിലെ വര്‍ണകാഴ്ചകള്‍ ആവാം ഇത്തരം ക്യാമ്പുകള്‍ ......തിരിച്ചുവരാന്‍ നേരം വികാരനിര്‍ഭരമായ ഒരു അന്തരീക്ഷം ആയിരുന്നു അവിടെ .....പരസ്പരം കെട്ടിപ്പിടിച്ചും വീണ്ടും കാണാമെന്ന വാഗ്ദാനങ്ങള്‍ നല്‍കിയും ആ പടികള്‍ ഇറങ്ങുപോള്‍ അവരുടെ കണ്ണ് നിറഞ്ഞുവോ?.......... ഒപ്പം നമ്മുടെയും?മുന്നോട്ടു നടന്നപ്പോള്‍ അതാ നമ്മെ യാത്രയാകാന്‍ വന്നു നില്‍ക്കുന്നു....തൊട്ടു മുന്‍പില്‍ ഒരു കൊച്ചു ആനക്കുട്ടി....വളര്‍ത്താനയാണ് .....നല്ല ഓമനത്തമുള്ള ചൊങ്കന്‍ ....എല്ലാവര്‍ക്കും സന്തോഷമായി...

സ്കൂളില്‍ എത്തി ഈ കുട്ടികള്‍ക്കായി ഒരു മത്സരം നടത്തി.....അനുഭവക്കുറിപ്പ് തയ്യാറാക്കല്‍ ....മികച്ച രചനകള്‍ രൂപം കൊണ്ടു....തിരഞ്ഞെടുത്തവയ്ക്ക് പ്രോത്സാഹന സമ്മാനവും നല്‍കി. രചനകളിലൂടെ കയറി ഇറങ്ങിയ ഞങ്ങള്‍ക്ക് ഒരു കാര്യം വ്യക്തമായി.അവര്‍ അല്പമെങ്കിലും കാടിനെ സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു! ഈ ഒരു ഉദ്യേശ്യം തന്നെയാവണം അധികാരികളും കണ്ടിട്ടുണ്ടാവുക. ഇനി നാം ചെയ്യേണ്ടത് കുട്ടികളില്‍ ഉണ്ടായ ഈ വികാരം കെടാതെ ഊതിക്കത്തിച്ചുകൊണ്ടേ ഇരിക്കുക എന്നതാണ്....'ശിശിരത്തിലെ ഓക്കുമരം ' പോലുള്ള പാഠഭാഗങ്ങള്‍ നമുക്ക് മുന്നിലുണ്ടെങ്കില്‍ അധ്യാപകരായ നാം എന്തിനു ഭയക്കണം? പുതിയ വിദ്യാഭ്യാസ രീതിയുടെ ഉദ്യേശ്യ ലക്ഷ്യവും ഇത്തരത്തിലുള്ള മാറ്റങ്ങള്‍ കുട്ടികളില്‍ വളര്‍ത്തുക എന്നതുതന്നെ...

2010, ഡിസംബർ 8, ബുധനാഴ്‌ച

മുഖം മാറ്റുന്ന മലയാളി

ചില ലൊട്ടുലൊടുക്ക് വിചാരങ്ങള്‍


"ഭാരതമെന്ന പേര്‍ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളക്കണം ചോര ഞരമ്പുകളില്‍ "

അതെ ...നമ്മുടെ ചോര തിളക്കേണ്ടിയിരിക്കുന്നു......പക്ഷെ അത് കവി കണ്ട ദേശാഭിമാനത്തിന്റെ പേരിലല്ല....മറിച്ചു മുല്യബോധം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കേരളീയ സമൂഹത്തിന്റെ പേരിലാണെന്ന് മാത്രം...

കേരളം പുരോഗമന പാതയിലാണ്...തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കടന്നു ജാതിമത രാഷ്ട്രീയ പകപോക്കലിലും കൊലപാതകത്തിലും വരെ എത്തി ഇന്ന് കാര്യങ്ങള്‍ !ഇവിടെ ബന്ധുവാര് ? ശത്രുവാര് ? എന്നൊന്നുമില്ല...എല്ലാവരും ഒരുപോലെ...

പഴയ ഗുരുകുല സമ്പ്രദായത്തില്‍ നിന്ന് ബഹുദൂരം മുന്നിലാണ് നാം ഇന്ന്.മാറിമാറി വരുന്ന വിദ്യാഭ്യാസ പരിഷ്കരണങ്ങള്‍ക്ക് ഒടുവിലിതാ പോലീസ്താവളം കൂടി ആയി മാറുകയാണ് നമ്മുടെ ആലയം!(പോലീസ് തല എണ്ണാന്‍ വരുന്നു എന്ന വാര്‍ത്ത) ഒടുവില്‍ കുളിപ്പിച്ചു കുളിപ്പിച്ചു കുഞ്ഞില്ലാതാകുന്നഅവസ്ഥ എപ്പോഴാണാവോ കാണേണ്ടി വരിക?.....ശംഭോ മഹാദേവ.....

ജീവിത രീതിയിലും ഉണ്ട് പുരോഗമനം...കൃഷിയെ സ്നേഹിച്ച നമ്മുടെ നല്ലവരായ പഴയ തലമുറയെ ഏതാണ്ട് മറന്നിരിക്കുന്നു നാം. വയല്‍ നികത്തി......കുന്നുകളിടിച്ചു..........മണിമാളികകളും ഫ്ലാറ്റുകളും വില്ലകളും പണിതു ആഡംബരത്തില്‍ ആറാടുകയാണ് നാം...

പഴയ അഞ്ജലാപ്പീസും തപാലാപ്പീസും ട്രങ്ക് ബുക്കിങ്ങും എല്ലാം ഇനി ഓര്‍മകളില്‍ മാത്രം! മൊബൈല്‍ മാനിയ എല്ലാവരെയും പിടികൂടിയിരിക്കുന്നുഇന്ന്....ഒന്നില്‍ തുടങ്ങി കീശകളുടെ എണ്ണത്തിന് അനുസരിച്ചു മൊബൈല്‍ വാങ്ങിക്കൂട്ടുന്നു മലയാളികള്‍ ! വീട്ടില്‍ തീ പുകഞ്ഞില്ലെങ്കിലുംറീച്ചാര്‍ജുകളും ടോപ്പപ്പുകളും തകൃതിയായി നടക്കുന്നു...പിന്നെന്തു വേണം?കഷ്ടം....

പണ്ട് പാലാഴി കടഞ്ഞത്രെ ദേവാസുരന്മാര്........ഒടുവില്‍ അമൃത് കിട്ടിയപ്പോഴോ...അടി...പൊരിഞ്ഞ അടി....കാലം കുറെ കഴിഞ്ഞു എങ്കിലും അടി ഇന്നും തുടരുന്നു....അമൃതിനു വേണ്ടിയല്ല...കള്ളിനു വേണ്ടി....കറുപ്പിന് വേണ്ടി....പെണ്ണിന് വേണ്ടി...( അത് മുന്‍പും ഉണ്ടായിരുന്നല്ലോ?)

ഇങ്ങനെ പോയാല്‍ 'ദൈവങ്ങളുടെ സ്വന്തം നാട് ' 'കുടിയന്മാരുടെ സ്വന്തം നാട്' ആകുന്ന ദിനം ഏറെ വിദൂരമല്ല.

ഒന്നു നോക്കൂ ഇവരോടൊക്കെ ആര് പൊറുക്കും?