ദര്‍ശനം

2011, ഫെബ്രുവരി 21, തിങ്കളാഴ്‌ച

പാഠം - ഒന്ന് -ഒരു തിരക്കഥാ വിലാപം

ഭാഗം-ഒന്ന്

പുതിയ പഠന പദ്ധതിയില്‍ 'തിരക്കഥ ' ഒരു കീറാമുട്ടിയായി മാറിയിരിക്കുന്നു അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഇന്ന്..ഒന്‍പതാം തരത്തിലെ മുന്‍ പാഠാ- വലിയില്‍ വന്ന എം.ടി. യുടെ' ഇരുട്ടിന്റെ ആത്മാവ് ' എന്ന തിരക്കഥയിലെ ഏതാനും സീനുകള്‍ പഠന വിഷയമായതോടു കൂടിയാണ് ഹൈസ്കൂള്‍ തലത്തില്‍ തിരക്കഥ അധ്യാപകരെ നിരന്തരം 'പീഡിപ്പിക്കാന്‍ ' തുടങ്ങിയത്. പിന്നെ പിന്നെ ക്ലസ്റ്ററുകളില്‍ സജീവ ചര്‍ച്ചക്ക് ഇത് വഴിയൊരുക്കി.തിരക്കഥയെ കുറിച്ചു ഒരു തുമ്പും വാലും അറിയാത്ത ബഹുഭൂരിപക്ഷം അധ്യാപകരെയും അത് ധരിപ്പിക്കാന്‍ ആര്‍ .പി. മാര്‍ നെട്ടോട്ടമായി....അവര്‍ നാട്ടിലെ 'മുറിതിരക്കഥാ കൃത്തുക്കളുടെ ' വീടുകളില്‍ അടയിരിക്കാന്‍ തുടങ്ങി..പുസ്തക സ്റ്റാളില്‍ തിരക്കഥകള്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞു... 'അല്പജ്ഞാനികള്‍ ' സി.ഡി. കളും ബുക്കുകളും ഇറക്കി പണം കൊയ്യാന്‍ തുടങ്ങി...

ലോങ്ങ്‌ ഷോട്ടും ,മീഡിയം ഷോട്ടും, ക്ലോസപ്പും, കട്ട് -ടു വും ഒക്കെ വിദ്യാലയങ്ങളില്‍ നിറഞ്ഞാടി.....വിദ്യാരംഗം ഉദ്ഘാടനം ചെയ്യാന്‍ എത്തുന്നവരില്‍ ഏറെ പേരും തിരക്കഥാ കൃത്തുക്കളായി....പാഠാവലിയിലെ മറ്റെല്ലാ പാഠങ്ങളും അധ്യാപകരും കുട്ടികളും മറന്നു....സംഗതിയുടെ ഗൗരവം മേലെ തട്ടിലുംഎത്തി ....'വിദ്യാഭ്യാസ വിചക്ഷണന്മാര്‍ ' ഉടന്‍ കൂടി....കൂലങ്കഷമായി ചിന്തിച്ചു...തിരക്കഥാ കൃത്തുക്കളെ വാര്‍ത്തെടുക്കാന്‍ പുറപ്പെട്ടതല്ലേ...ഒഴിവാക്കാന്‍ പറ്റില്ലല്ലോ? ഒടുവില്‍ ഒരു ഒത്തുതീര്‍പ്പിലെത്തി.....തിരക്കഥയുടെ സംഗതി ഒന്നും വന്നില്ലേലും (സാങ്കേതിക പദങ്ങള്‍ -ക്ലോസപ്പ് ,കട്ട് -ടു ഇത്യാദി) കഥ സീനായി തിരിച്ചു സംഭാഷണ രൂപത്തിലാക്കിയാല്‍ മുഴുവന്‍ സ്കോറും കൊടുക്കാം ....ഹാവൂ ! നേര് പറയാമല്ലോ.... എല്ലാവരുടെയും ശ്വാസം നേരെ വീണത്‌ അപ്പോഴാണ്....പക്ഷെ അപ്പോഴേക്കും ഭൂരിഭാഗം അധ്യാപകരുടെയും വീട്ടില്‍ നല്ലൊരു തിരക്കഥാ കളക്ഷന്‍ രൂപപ്പെട്ടിരുന്നു.....

ഭാഗം -രണ്ട്

എന്നാല്‍ ഈ വിഷയത്തെ കുറിച്ചു കുറച്ചെങ്കിലും താല്പര്യമുണ്ടെങ്കില്‍ ക്ലാസ് റൂമിലും, പുറത്തും വളരെ ഭംഗിയായി കൈകാര്യം ചെയ്യാവുന്ന ഒരു പ്രവര്‍ത്തനവുമാണ് തിരക്കഥ. .ചുരുക്കം ചില കാര്യങ്ങള്‍ എങ്കിലും നാം ഈ വിഷയവുമായി അറിഞ്ഞിരിക്കേണ്ടതുണ്ട്.എങ്കില്‍ കാര്യം എളുപ്പമായി.
ഒന്ന് - തിരക്കഥാ സാങ്കേതികത്വത്തെ കുറിച്ചു ചെറിയ ഒരറിവ്‌ (കട്ട് ടു, ഷോട്ടുകള്‍ . ക്ലോസപ്പ് തുടങ്ങിയവ ) ശ്രമിച്ചാല്‍ ഇത് നേടാവുന്നതെ ഉള്ളു.
രണ്ട് - നല്ല സിനിമകളെ കുറിച്ചുള്ള സാമാന്യമായ ഒരു ധാരണ(ഇതും നേടാവുന്നതെ ഉള്ളു)
മൂന്ന്‌ - എഡിറ്റിംഗ് മേഖലയിലുള്ള കഴിവ് ( ശ്രമിച്ചാല്‍ നേടിയെടുക്കാം)
നാല് - സംഗീതത്തോടുള്ള താല്പര്യം (ഇല്ലെങ്കിലും പ്രശ്നമല്ല )

എന്ത് തന്നെ അയാലും തിരക്കഥ പഠന വിഷയമായത്തോടെ സ്കൂള്‍ അന്തരീഷം ഒന്ന് ചൂടുപിടിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.കാരണം documentary ആയും ടെലി ഫിലിമുകള്‍ ആയും ഇന്ന് ഒട്ടനവധി ഉല്‍പ്പന്നങ്ങള്‍ സ്കൂള്‍ അന്തരീഷത്തില്‍ വിടര്‍ന്നു വരുന്നുണ്ട്..ഇതില്‍ തന്നെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയവയും ഉണ്ട് എന്നതാണ് പ്രത്യേകത! ഇതുവഴി ചില വിദ്യാലയങ്ങള്‍ സംസ്ഥാന തലത്തില്‍ തന്നെ അറിയപ്പെട്ടു. മാത്രമല്ല ഒട്ടനവധി തിരക്കഥാകൃത്തുക്കളും സംവിധായകരും വിദ്യാലയങ്ങളില്‍ അവതരിച്ചു, സജീവ ചര്‍ച്ചകളും സെമിനാറുകളും സംവാദങ്ങളും ഈ മേഖലയില്‍ ഉണ്ടായി.
തിരക്കഥയുമായി ബന്ധപ്പെട്ടു എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ നമുക്ക് ചെയ്യാനാകും?ഒന്നാലോചിച്ചു നോക്കാം.
1 . ആദ്യമായി ചെയ്യേണ്ടത് സ്കൂളില്‍ ഒരു ഫിലിം ഫെസ്റ്റ് നടത്തുക എന്നതാണ്.
ശ്രദ്ധേയമായ സിനിമകള്‍ , ടെലി ഫിലിമുകള്‍ , ഡോക്യുമെന്‍ടറികള്‍ ഒക്കെ ഈ ദിവസങ്ങളില്‍ അവതരിപ്പിക്കാം. ഇതിനായി നാല്ലൊരു തയ്യാറെടുപ്പ് ആവശ്യമാണ്.
പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ ലഘു വിവരങ്ങള്‍ അടങ്ങിയ ഒരു ബ്രോഷര്‍ , നോട്ടീസ് തുടങ്ങി പലതും
കുട്ടികള്‍ അടങ്ങുന്ന ഒരു പ്രോഗ്രാം കമ്മറ്റി ഉണ്ടാക്കി ചെയ്യേണ്ടതുണ്ട്.
(ഒരു മനുഷ്യന്‍ , ഇരുട്ടിന്റെ ആത്മാവ് , കടല്‍ത്തീരത്ത് , ചെമ്മീന്‍ , ഓടയില്‍ നിന്ന്, ദി വെ ഹോം ,
ദി കിഡ് , പഥേര്‍ പാഞ്ജലി , the colour
of paradise , കുമ്മാട്ടി , കുട്ട്യേടത്തി , ഒരു ചെറു പുഞ്ചിരി , slumdog millionaire , തുടങ്ങിയുള്ള
ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് നമുക്ക് ഉപയോഗിക്കാം)
2 . തുടര്‍ പ്രവര്‍ത്തനമായി കണ്ട ഏതെങ്കിലും ഒരു ചലച്ചിത്രത്തിനു ആസ്വാദനക്കുറിപ്പ് തയ്യാറക്കല്‍ , ചര്‍ച്ച.
ഇതോടെ സിനിമയെ കുറിച്ചു സാമാന്യമായ അറിവും താല്‍പര്യവും കുട്ടികളില്‍
ഉണ്ടാക്കിയെടുക്കാന്‍ നമുക്ക് ആകും.
3 . തിരക്കഥ പരിചയപ്പെടല്‍ .
ഇതിനായി ഡി സി ഇറക്കിയ 'എന്ന് സ്വന്തം ജാനകിക്കുട്ടി' എന്ന പുസ്തകവും
(ഇതില്‍ ഈ സിനിമക്ക് ആധാരമായ
'ചെറിയ ചെറിയ ഭൂകമ്പങ്ങള്‍ 'എന്ന കഥയും അതിന്റെ തിരക്കഥയും പഠനവും ഉണ്ട്-ചെറുകഥ
എങ്ങിനെ തിരക്കഥ ആകുന്നു എന്ന് വ്യക്തമായി മനസ്സിലാക്കാനും ഈ പുസ്തകം ഉപകരിക്കും) ശ്രീനിവാസന്റെ ചിന്താവിഷ്ടയായ ശ്യാമള എന്ന തിരക്കഥയും ഗുണപ്രദമാണ്. ( കൊച്ചു
കൊച്ചു സീനുകളും സാങ്കേതിക പദങ്ങളും ധാരാളമായി ഇതിലുണ്ട്.) തിരക്കഥയുടെ കുറച്ചു
സീനുകള്‍ ഫോട്ടോ കോപ്പി എടുത്തു കുട്ടികള്‍ക്ക്
നല്കണം.പിന്നെ തിരക്കഥാവായന.,ചര്‍ച്ച. തുടര്‍ന്ന് ഈ സിനിമാ ഭാഗം കാണിച്ചു കൊടുക്കുകയും വേണം
(ഈ ഭാഗത്തൊക്കെ അധ്യാപകര്‍ ഇടപെടണം.സീനുകള്‍ മാറുന്നതും, ക്ലോസപ്പും
ഷോട്ടുകളും ഒക്കെ കുട്ടികളുടെ ശ്രദ്ധയില്‍ പെടുത്തുകയും വേണം.) ഇതുവഴി
കുട്ടികള്‍ക്ക് തിരക്കഥയും ചലച്ചിത്രവും ഒരേ സമയം അനുഭവിക്കാന്‍ സാധിക്കും.
4 --- തിരക്കഥാ നിര്‍മ്മാണം
ഇതിനായി ഒരു വിഷയം അവര്‍ക്ക് നല്‍കണം. ഉദാഹരണം :- "പുകവലി
ആരോഗ്യത്തിനു ഹാനികരം"
ഈ വിഷയം വച്ചു ഒരു തിരക്കഥ ഉണ്ടാക്കാന്‍ ആവശ്യപ്പെടാം. (ഗ്രൂപ്പ് വര്‍ക്കാണ് ഉത്തമം)
ഉണ്ടാക്കിയ തിരക്കഥ ഓരോ ഗ്രൂപ്പും അവതരിപ്പിക്കട്ടെ. ഈ വിഷയം തന്നെ ഒന്‍പതാം ക്ലാസിന്റെ പഴയ ഹാന്‍ഡ്‌ ബുക്കില്‍ തിരക്കഥയായി വന്നിട്ടുണ്ട്.
അത് ഈ അവസരത്തില്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക. തുടര്‍ന്ന് തങ്ങളുടെ തിരക്കഥയും എച്ച് .ബി. യിലെ തിരക്കഥയും താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു ചര്‍ച്ച ആവട്ടെ.പോരായ്മകള്‍ കണ്ടെത്തി ഇത് തന്നെ വീണ്ടും തിരുത്തി എഴുതാന്‍ ആവശ്യപ്പെടാം.

5 -- കിട്ടിയ അറിവുകള്‍ വച്ചുകൊണ്ട് അവര്‍ക്ക് വീണ്ടും ഒരു വിഷയം നല്‍കുക. "മനോഹരമായ
ഒരു ഗ്രാമത്തില്‍ ഒരു ഫാക്ടറി വരുന്നു"
ഇതിനായി കുട്ടികളെ മൂന്നു ഗ്രൂപ്പുകളായി തിരിക്കണം.
ഗ്രൂപ്പ് 1 -ചുമതല- ഈ തിരക്കഥക്കായി ഒരു ടൈറ്റില്‍ song നിര്‍മ്മിക്കല്‍ . ഇതിനായി
ഒരു വിശദീകരണം നാം കുട്ടികള്‍ക്ക് നല്‍കണം.
(സിനിമ ആരംഭിക്കുമ്പോള്‍ പ്രകൃതി ഭംഗി കാണിക്കാന്‍ വേണ്ടിയുള്ള ഒരു പാട്ട്. പ്രകൃതിയുടെ ഭംഗി വര്‍ണിക്കുന്ന വരികള്‍ ആവണം ഈ കവിതയില്‍ വരേണ്ടത്.)
അത്യാവശ്യം കവിത എഴുതുന്ന കുട്ടികളെ ഈ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താം.
ഗ്രൂപ്പ് -2 - ചുമതല - ഈ വിഷയത്തെ ആസ്പദമാക്കി ഒരു കഥ നിര്‍മ്മിക്കല്‍ .
അത്യാവശ്യം കഥ എഴുതുന്ന കുട്ടികളെ ഇതില്‍ ഉള്‍പ്പെടുത്താം.
ഗ്രൂപ്പ് -3 - ചുമതല- കിട്ടിയ കഥ വച്ചു ഒരു തിരക്കഥ തയ്യാറാക്കല്‍ . ഇവിടെ അധ്യാപക
ഇടപെടല്‍ ആവശ്യമാകും.

തിരക്കഥ തയ്യാറായാല്‍ വേണമെങ്കില്‍ വീണ്ടും കുറച്ചുകൂടി മുന്നോട്ടേക്ക് ഇതിന്റെ തുടര്‍ പ്രവര്‍ത്തനം കൊണ്ടുപോകാം
1 - കുട്ടികളെ സിനിമാ ഷൂട്ടിംഗ് കാണിച്ചു കൊടുക്കുക.അടുത്ത് എവിടെ എങ്കിലും ഷൂട്ടിംഗ് ഉണ്ടെങ്കില്‍ കുട്ടികളെ അവിടെ എത്തിക്കാം.അല്ലെങ്കില്‍ ഷൂട്ടിംഗ് ചിത്രീകരിക്കുന്ന സിനിമാ ഭാഗങ്ങള്‍ കാണിച്ചു കൊടുക്കാം.
അഴകിയ രാവണനിലെ ചില ഭാഗം
ചിന്താവിഷ്ടയായ സീതയിലെ ചില ഭാഗം.
പഴശ്ശിരാജ സിനിമയുടെ 2 സി .ഡി. കളില്‍ ഒന്ന് അതിന്റെ ചിത്രീകരണം മാത്രമാണുള്ളത്. വളരെ ഉപകാര പ്രദമാകും ഇത്.

2 -എഡിറ്റിംഗ് പരിചയപ്പെടല്‍ .
എഡിറ്റിംഗ് ചെയ്യുന്നത് നേരിട്ട് കാണാനായാല്‍ അത് കുട്ടികള്‍ക്ക് വലിയൊരു അനുഭവമാകും. ഇതും നമുക്ക് ശ്രമിച്ചാല്‍ ചെയ്യാവുന്നതെ ഉള്ളു.
കുട്ടികള്‍ തയ്യാറാക്കിയ കവിതക്ക്‌ ഈണം നല്‍കി മ്യുസിക് നല്‍കുകയാണ് ആദ്യം വേണ്ടത്.ഇതിനു സ്കൂളിലെ മ്യൂസിക്‌ മാഷുടെ സഹായം തേടാം. അല്ലെങ്കില്‍ മറ്റു സഹപ്രവര്‍ത്തകരുടെ .
അടുത്ത ഘട്ടം സ്കൂള്‍ കമ്പ്യൂട്ടറില്‍ ഒരു എഡിറ്റിംഗ് സോഫ്റ്റ്‌ വെയേര്‍ കയറ്റുക എന്നതാണ്. യുലീട് വീഡിയോ സ്റ്റുഡിയോ ഇത്തരത്തിലുള്ള ഒരു സോഫ്റ്റ്‌ വെയേര്‍ ആണ്. ഇത് ഇന്ന് ഇഷ്ടം പോലെ കിട്ടാനുമുണ്ട്. ഇത് ഓപ്പണ്‍ ചെയ്‌താല്‍ പല ട്രാക്കുകള്‍ കാണാം. രണ്ടാം ട്രാക്കില്‍ ഓഡിയോ ട്രാക്ക് ആണ്. ഇതില്‍ നിങ്ങള്‍ തയ്യാറാക്കിയ പാട്ട് uplod ചെയ്യാം.തൊട്ടു മുകളിലെ ട്രാക്കില്‍ ചിത്രങ്ങളോ വീഡിയോ കളോ അപ്പ്‌ ലോട് ചെയ്യാനുള്ള സ്ഥലമാണ്. ഇവിടെ പാട്ടിനു അനുസരിച്ചുള്ള പ്രകൃതി മനോഹര ദൃശ്യങ്ങള്‍ അടങ്ങുന്ന വീഡിയോ ചിത്രങ്ങള്‍ കളക്ട് ചെയ്തു കയറ്റാം. ആദ്യം ഇത് ചെയ്യുക അത്ര എളുപ്പമല്ല. ഇതിനു എഡിറ്റിംഗ് അറിയാവുന്ന ആരുടെ എങ്കിലും സഹായം തേടാം. പിന്നെ പിന്നെ ഇത് നിങ്ങള്‍ക്കും സ്വന്തമായി ചെയ്യാനാകും. ഈ പ്രവര്‍ത്തനം കുട്ടികള്‍ക്ക് മുന്നില്‍ ചെയ്യാനായാല്‍ കുട്ടികള്‍ എത്രമാത്രം സന്തോഷിക്കുമെന്നോ? കവിത എഴുതിയ കുട്ടി ആവും ഏറ്റവും സന്തോഷിക്കുക. ഈ ഒരു പ്രവര്‍ത്തനം ഞാന്‍ കുട്ടികള്‍ക്ക് മുന്നില്‍ ചെയ്തിരുന്നു. ആ അനുഭവം വച്ചാണ് ഞാന്‍ ഇത് പറയുന്നത്. എന്റെ ഈഎളിയ പ്രവര്‍ത്തനം തന്ന ലിങ്കില്‍ ക്ലിക് ചെയ്‌താല്‍ നിങ്ങള്‍ക്ക് കാണാം. ക്ലാസിലെ ഒരു കുട്ടി എഴുതിയ കവിതയ്ക്ക് ഈണം നല്‍കിയത്, പാടിയത്, ഒക്കെ കുട്ടികളുടെ മുന്നില്‍ വച്ചു ഞാന്‍ ആയിരുന്നു. എഡിറിന്‍ ചെയ്തതും ഞാന്‍ തന്നെ. ഇങ്ങനെ ഉള്ള കൊച്ചു കൊച്ചു പ്രവര്‍ത്തനങ്ങള്‍ നമുക്ക് കുട്ടികള്‍ക്ക് മുന്നില്‍ ചെയ്യാനായാല്‍ കുട്ടികള്‍ നമ്മെ വിട്ടു എവിടെയും പോകില്ല...പക്ഷെ ഒന്നുണ്ട്...എനിക്ക് ഇതൊന്നും ആവില്ല എന്ന് കുറ്റം പറഞ്ഞു നടക്കാതെ ആത്മാത്ഥമായി ശ്രമിക്കണം...വേണമെങ്കില്‍ ഉലക്കമേലും കിടക്കാംഎന്നാനല്ലോ ചൊല്ല്. പാഠഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നാം വെല്ലുവിളിയോടെ ഏറ്റെടുക്കണം. എങ്കില്‍ ക്ലാസ് മുറി കൂടുതല്‍ സജീവമാകുമെന്ന് മാത്രമല്ല കുട്ടികള്‍ കുറയുമെന്ന ഭയവും വേണ്ട. ഇങ്ങനെ ആവട്ടെ നാമോരോരുത്തരുടെയും വരുംകാല പ്രവര്‍ത്തനങ്ങള്‍ .........................

ഈ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ ദയവായി നല്‍കുമല്ലോ.

വി .എം.എസ്.ആല്‍ബം ഇതില്‍ ക്ലിക് ചെയ്യുക.

കുട്ടിക്കവിത

രാമുവിന്റെ ദുഃഖം

കുട്ടപ്പന്‍ വര്‍ണ്ണിച്ച വര്‍ണ്ണന കേട്ടിട്ട്
കൊല്ലത്തു പോകുവാനാശിച്ചു പോയി ഞാന്‍
അയലത്തെ കുട്ടപ്പന്‍ പോയതാണിക്കൊല്ലം
വീട്ടുകാരോടോത്തു കൊല്ലം നഗരത്തില്‍ .
അവിടുത്തെ കാഴ്ചകള്‍ ഒന്നൊഴിയാതവന്‍
കൂട്ടുകാരോടൊത്തു പങ്കുവച്ചീടവേ
ആ പുരി എത്രയും വേഗത്തില്‍ കാണുവാന്‍
ആഗ്രഹം വര്‍ദ്ധിച്ചു നാള്‍ക്കുനാള്‍ ഞങ്ങളില്‍ .....
വീട്ടിലേക്കുള്ളോരു യാത്രയിലോക്കെയും
ചര്‍ച്ചയായ്‌ എപ്പൊഴും കൊല്ലത്തിന്‍ വര്‍ണ്ണന!
അമ്മയും അച്ഛനും സമ്മതിച്ചീടുവാന്‍
പറ്റും വിധമുള്ള കള്ളങ്ങള്‍ ഓര്‍ത്തിട്ടു
വീട്ടിലെ തിണ്ണയില്‍ ചാരി മയങ്ങി ഞാന്‍ ....
മോഹങ്ങള്‍ ഒക്കെയും മോഹമായ് മാറുന്ന
ഏറെ ദിനങ്ങള്‍ കടന്നുപോയീടവേ
കണ്ടു നാം കൊല്ലം നഗരിതന്‍ വൈഭവം
കുട്ടപ്പന്‍ വര്‍ണ്ണിച്ച വര്‍ണ്ണനയില്‍ മാത്രം!

@@@@@@@@@