ദര്‍ശനം

2010, നവംബർ 1, തിങ്കളാഴ്‌ച

ഇതോ ജനാധിപത്യം?

അങ്ങിനെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും കഴിഞ്ഞു. ഹോ! ഒരാഴ്ചയായി എന്തൊക്കെ പുകിലായിരുന്നു ഇവിടെ? തെറ്റായ വാര്‍ഡുവിഭജനം, ബൂത്ത്‌ പിടിച്ചെടുക്കല്‍ , ബാലറ്റ് മോഷണം, സ്ഥാനാര്‍ഥി മര്‍ദ്ദനം, പോലിസ് ആക്രമം, റീപോളിംഗ്, ബന്ത്, ഹര്ത്താല്........അവസാനിക്കുന്നില്ല....ഒടുവില്‍ വിവിധ രാഷ്ട്ര്രീയ നേതാക്കന്മാരുടെ കൂട്ടലും കിഴിക്കലും കഴിയുമ്പോള്‍ നഷ്ടം സാധാരണക്കാരന് മാത്രം...ഇതോ ജനാധിപത്യം?
ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ആധിപത്യത്തെ എന്നും ലോകരാഷ്ട്രങ്ങള്‍ അല്പം അസൂയയോടെ മാത്രമേ കണ്ടിട്ടുള്ളൂ എന്നതാണ് സത്യം..എന്നിട്ടും നാം അതിന്റെ മഹത്വം മനസ്സിലാക്കുന്നില്ല എന്നതാണ് കഷ്ടം. ഇന്ന് ഈ സുന്ദര ജനാധിപത്യത്തെ പാടെ തകിടം മറിക്കാന്‍ തത്രപ്പെടുന്ന നേതാക്കന്മാരെയാണ് നാം ചുറ്റും കാണുന്നത്. ജനത്തെ അടിച്ചമര്‍ത്തിയും ഭയപ്പെടുത്തിയും ആക്രമം കാട്ടിയും എത്രയും വേഗം നാടുവാഴാനുള്ള അമിതാര്‍ത്തിയാണ് എല്ലാ നേതാക്കന്മാര്‍ക്കും അണികള്‍ക്കും.അതിനവര്‍ എത്ര വൃത്തികെട്ട മാര്‍ഗ്ഗം തിരഞ്ഞെടുക്കാനും മടിക്കുന്നില്ല എന്നത് ഏറെ ഖേദകരം തന്നെ....ബൂത്തുപിടുത്തം, ബാലറ്റ് നശിപ്പിക്കല്‍ , പോളിംഗ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തല്‍ , സ്ഥാനാര്‍ഥികളെ തട്ടിക്കൊണ്ടുപോകല്‍ , വോട്ടര്‍മാരെ സ്വാധീനിക്കല്‍ ‍..എല്ലാം ഇതിന്റെ ഭാഗം തന്നെ...ഫലമോ? സുസ്ഥിരമായ ഒരു ജനാധിപത്യത്തിന്റെ തകര്‍ച്ച!
പോലീസിനെയും പട്ടാളത്തെയും നിയന്ത്രണം ഏല്‍പ്പിച്ചു ആര്‍ക്കുവേണ്ടിയാണ് നാം ഇത്ര കഷ്ടപ്പെട്ട് ഒരുപാട് ധനവും ചെലവാക്കി തിരഞ്ഞെടുപ്പ് നടത്തുന്നത്? സമാധാനവും രാജ്യ പുരോഗതിയും ആണ് ലക്ഷ്യമെങ്കില്‍ ഈ പ്രശ്നങ്ങളൊക്കെ ഇവിടെ ഉണ്ടാകുമായിരുന്നോ? ഇത് ഒരുമാതിരി പഴയ രാജഭരണം തന്നെയല്ലേ? യുദ്ധവും..... പിടിച്ചെടുക്കലും...കീഴ്പ്പെടുത്തലും...
എളുപ്പത്തില്‍ തിരഞ്ഞെടുപ്പ് ജയിക്കുക....അതിനു വേണ്ടി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയും എതിര്‍ പാര്‍ട്ടിക്കാരെ ആക്രമിച്ചും ഒരു പുതിയ ജനാധിപത്യം രൂപപ്പെടുത്താനുള്ള തീവ്ര ശ്രമത്തിലാണ് ഇന്ന് നമ്മുടെ രാഷ്ട്രീയ കക്ഷികള്‍ ! വോട്ടര്‍മാര്‍ എന്തു വിധി എഴുതുന്നു എന്നത് അവര്‍ക്ക് ഒരു പ്രശ്നമേ അല്ല. അതിന്റെ പ്രതിഫലനങ്ങളാണ് നാം കുറെ ദിവസങ്ങളായി കണ്ണൂരും കാസര്‍ഗോടും കണ്ടുകൊണ്ടിരിക്കുന്നത്. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും പോളിംഗ് ഉദ്യോഗസ്ഥരെന്നോ പോലിസ് സേന എന്നോ വോട്ടര്മാരെന്നോ സ്ഥാനാര്‍ഥി എന്നോ വ്യത്യാസമില്ലാതെ എത്ര എത്ര വിഭാഗങ്ങളാണ് ആക്രമിക്കപ്പെടുന്നത്? ഇവരില്‍ എത്ര പേരുടെ ജീവനാണ് ഹോമിക്കപ്പെടുന്നത്? എത്ര കുടുംബങ്ങളാണ് അനാധമാകുന്നത്?.ഈ തീരാനഷ്ടങ്ങള്‍ക്ക് ആര് സമാധാനം പറയും? ഈ രാഷ്ട്രീയാഭാസങ്ങളെ ആര് ചോദ്യം ചെയ്യും? സ്വതന്ത്രവും നീതിയുക്തവുമായ ഒരു തിരഞ്ഞെടുപ്പ് സംവിധാനം ഇവിടെ എങ്ങിനെ പ്രാവര്‍ത്തികമാക്കും?...ചിന്തിക്കണം നാം....
ഇനി ജനം 'അറിഞ്ഞും അറിയാതെയും' ജയിപ്പിച്ചു വിട്ട നേതാക്കന്മാരെ നോക്കാം...എന്ത് ആത്മാര്‍ത്ഥതയാണ് അവരിലുള്ളത്? വിമതരും സ്വതന്ത്രരും ആയി മത്സരിച്ചു ജയിക്കുമ്പോള്‍ പണത്തിന്റെ തൂക്കം നോക്കി ഭരണ പ്രതിപക്ഷ കുടിയേറ്റം നടത്തുന്ന ഇവരാണോ നമ്മെ ഭരിക്കേണ്ടത്? സാധാരണ ജനങ്ങള്‍ക്ക്‌ ജനാധിപത്യത്തോടുള്ള വിശ്വാസം തന്നെ നഷ്ടപ്പെടുത്തുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. ഈ അടുത്ത കാലത്ത് ഒരു പത്രത്തില്‍ വന്ന കാര്‍ടൂണ്‍ ഓര്‍മ്മവരുന്നു...മരിച്ച ഒരാളുടെ വോട്ടു രേഖപ്പെടുത്തി പുറത്തിറങ്ങിയ ഒരു വോട്ടര്‍ ഉറക്കെ വിളിച്ചുപറയുന്നു....
"ഇല്ലാ നിങ്ങള്‍ മരിച്ചിട്ടില്ലാ
ജീവിക്കുന്നു ഞങ്ങളിലൂടെ" എത്ര സത്യം?
ഈ വ്യവസ്ഥിതി മാറിയേ തീരു.പക്ഷെ എങ്ങിനെ? അവിടെയാണ് രാഷ്ട്രീയ സംഘടനകളുടെ ,മതമേധാവികളുടെ പ്രസക്തി. സമാധാന അന്തരീക്ഷത്തിനായി ഇവരാണ് ആദ്യം മുന്നോട്ടു വരേണ്ടത്...എങ്കില്‍ പിന്നില്‍ ജനവും അണിചേരും...എന്തായാലും ഒന്നേ എനിക്ക് പറയാനുള്ളൂ...ദയവായി ജനാധിപത്യത്തെ വധിക്കരുത്......അതിനെ വെറുതെ വിട്ടുകൂടെ?


4 അഭിപ്രായങ്ങൾ:

  1. സുരേഷേ,
    "ഇല്ലാ നിങ്ങള്‍ മരിച്ചിട്ടില്ലാ
    ജീവിക്കുന്നു ഞങ്ങളിലൂടെ"
    ഇത് കെ. എം. പ്രമോദിന്റെ കവിതയില്‍ നിന്നാണ്. നേരിട്ട് കാണാത്തതൊന്നും ബ്ലോഗില്‍ എഴുതല്ലേ...
    ചില തെരഞ്ഞെടുപ്പ് അനുഭവങ്ങളുംആവാമായിരുന്നു.. അഭിവാദ്യങ്ങള്‍ ..

    മറുപടിഇല്ലാതാക്കൂ
  2. സര്‍ ,

    ഈ കവിത അടിക്കുരിപ്പാക്കിക്കൊണ്ടായിരുന്നു പത്രത്തില്‍ കാര്‍ടൂണ്‍ വരച്ചത്

    മറുപടിഇല്ലാതാക്കൂ
  3. വായിച്ചു . ജനാധിപത്യം ഇതാണെന്ന് എല്ലാവരും അനുഭവിച്ചു അറിഞ്ഞതല്ലേ ? ഇനി മാറ്റം വരുത്താന്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന് ആലോചിക്കുന്നതല്ലേ അഭികാമ്യം

    മറുപടിഇല്ലാതാക്കൂ