ദര്‍ശനം

2010, സെപ്റ്റംബർ 10, വെള്ളിയാഴ്‌ച

നമ്മുടെ കുട്ടികളുടെ പോക്ക് എങ്ങോട്ട് ?



സ്കൂളിലെത്തി ഓരോ ക്ലാസും കഴിഞ്ഞു പുറത്തിറങ്ങുമ്പോഴും,വീട്ടിലേക്കു തിരിക്കുമ്പോഴും എന്നില്‍ തികട്ടിക്കൊണ്ടേ
ഇരിക്കുന്ന ഒരേ ഒരു ചോദ്യം ഇത്രമാത്രം "അല്ലാ ഇവരുടെ പോക്ക് എങ്ങോട്ട്?

കുട്ടികള്‍ അന്ന്

എന്നില്‍ നിന്ന് തന്നെ തുടങ്ങാം....ഒരു ഗ്രാമത്തിന്റെ മൊത്തം പ്രതീക്ഷയായി നിലനിന്നിരുന്ന പെരിങ്ങോം ഗവ: സ്കൂളിലാണ് എന്റെ പത്തു വരെ ഉള്ള വിദ്യാഭ്യാസം.എല്ലാ വികൃതികളും കൈമുതലുള്ള നമുക്കന്നു പക്ഷേ അധ്യാപകരെയും വിദ്യാലയത്തേയും ആദരവോടെ മാത്രമേ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. അവരുടെ കഠിന ശിക്ഷകള്‍ നമ്മില്‍ താത്കാലിക മുറുമുറുപ്പുകള്‍ ഉണ്ടാക്കുമെങ്കിലും സ്ഥായീ വികാരം ആദരവുതന്നെ. ചൂരല്‍ പ്രയോഗം, പുറത്താക്കല്‍, ബെഞ്ചുഡസ്ക് കയറ്റം, ചുമര്‍ നോക്കിനില്‍പ്പ്,കസേരയില്ലായിരുപ്പ്‌, ഒക്കെ... ഒക്കെ. ...നാം സഹിച്ചിരുന്നു....ക്ഷമിച്ചിരുന്നു.അധ്യാപകരുടെ മുറി നമുക്ക് പേടിസ്വപ്നമായിരുന്നു.വികൃതിക്കാരെ അങ്ങോട്ട്‌ വിളിപ്പിക്കുന്നതു തന്നെ വലിയ ശിക്ഷയായിരുന്നു. ഓഫീസ് റൂം നമ്മുടെ അപ്രാപ്യ മേഖലക്കും അപ്പുറമായിരുന്നു. മിടുക്കന്മാരെ വിളിക്കുന്ന....വലിയവര്‍ വരുന്ന....പ്രധാനാധ്യാപകന്‍ ഇരിക്കുന്ന.. അങ്ങിനെ എന്തൊക്കെയോ..എന്തൊക്കെയോ....
കല്ലത്തു കരുണാകരന്‍ മാഷ്, ഹിന്ദി പപ്പന്‍ മാഷ്, പുല്ലന്‍ കരുണാകരന്‍ മാഷ്, സാറാമ്മ ടീച്ചര്‍, അന്നാമ ടീച്ചര്‍......എല്ലാവരും ഇന്നും നമ്മുടെ മനസ്സില്‍ ഉണ്ട്. അവരെ ഇന്നും വഴിയിലോ ബസ്സിലോ കണ്ടാല്‍ ആദരിക്കാന്‍ മടിക്കാറുമില്ല. എന്റെ സഹപ്രവര്‍ത്തകരുടെ അനുഭവവും മറിച്ചല്ല...

കുട്ടികള്‍ ഇന്ന്....

ഇതും എന്റെ സ്കൂളില്‍ നിന്ന് തുടങ്ങാം. ആദ്യമേ പറയട്ടെ...അവര്‍ക്ക് അധ്യാപകരോടുള്ള മനോഭാവത്തിനു തന്നെ ഇടിവ് സംഭവിച്ചിട്ടില്ലേ എന്ന് പലപ്പോഴും തോന്നാറുണ്ട്... ചെറിയ ശിക്ഷാ നടപടികളില്‍ പോലും കോപാകുലാരാകുന്ന ഒരു വിദ്യാര്‍ത്ഥി സമൂഹത്തെ ഞാന്‍ അവിടെ കാണുന്നു...എന്തിനു? വ്യക്തി വിരോധമുള്ള അധ്യാപകരെ കുരുക്കാന്‍ പോലും ഇല്ലാ ശിക്ഷാ രീതികള്‍ പറഞ്ഞു ഒതുക്കാന്‍ ശ്രമിക്കുന്നതും,ഓഫീസ്‌ മുറികള്‍ വിചാരണക്കളമായി മാറുന്നതും ഞാന്‍ കാണുന്നു.. അങ്ങിനെ...അങ്ങിനെ.. ഒന്നിനോടും പ്രതികരിക്കാനാകാതെ,ദേഷ്യപ്പെട്ടുള്ള ഒരു നോക്കിനു പോലുമാകാതെ നിര്‍വ്വികാരമായി ഓരോക്ലാസ് മുറിയും കയറി ഇറങ്ങുന്ന സഹാധ്യാപകരെയും ഞാന്‍ കാണുന്നു.... വിദ്യാലയത്തില്‍ നിന്നിറങ്ങുന്ന കുട്ടികളില്‍ എത്രപേര്‍ക്ക് ഇന്ന് തന്നെ പഠിപ്പിച്ച കുറച്ചു അധ്യാപകരുടെ പേര്‍ പറയാനാകും?

ആധുനീക വിവരസാങ്കേതിക വിദ്യയുടെ വരവ്

പത്താം തരത്തില്‍ പഠിക്കുന്ന രേഷ്മ എന്നും പഠനത്തില്‍ മുന്നിലായിരുന്നു..എന്നാല്‍ പിന്നീട് അവളില്‍ വന്ന മാറ്റം നമ്മെ വല്ലാതെ വേദനിപ്പിച്ചു. പഠനത്തില്‍ താല്പര്യം കുറയുകയും പ്രസരിപ്പ് നഷ്ടപ്പെടുകയും ചെയ്ത അവളുടെ, വീട്ടുകാരുമായുള്ള കൂടിക്കാഴ്ചയില്‍ പലതും നമുക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഈയിടെ അവള്‍ക്കു കിട്ടിയ മൊബൈല്‍ ഫോണും രാത്രി വിളികളും എല്ലാം..എല്ലാം.. ഇതിനെ ചോദ്യം ചെയ്യാനോ തടയാനോ വീട്ടുകാര്‍ ശ്രമിച്ചതുമില്ല...

ഒന്‍പതില്‍ പഠിക്കുന്ന വിഷ്ണുവിനെ പിടികൂടിയത് ഇന്റര്‍നെറ്റ്‌ ഭ്രമമായിരുന്നു. ഇന്റര്‍നെറ്റ്‌ കഫെ വഴി തുടങ്ങിയ ഭ്രമം വീട്ടില്‍ കമ്പ്യുട്ടര്‍ എത്തിയതോടെ ശക്തമായി. സ്വന്തം മകന്റെ കമ്പ്യുട്ടര്‍ ഭ്രമത്തിന്റെ പൊരുള്‍ മനസ്സിലാക്കാനോ തിരുത്താനോ രക്ഷിതാക്കള്‍ക്കായതുമില്ല.

രക്ഷിതാക്കളുടെ പങ്ക്‌

കുട്ടികളുടെ ഇന്നത്തെ തലതിരിഞ്ഞ പോക്കില്‍ രക്ഷിതക്കള്‍ക്കുമില്ലേ ഒരു പങ്ക്‌?
മക്കളുടെ വളര്‍ച്ചയില്‍ അഹങ്കരിക്കുന്ന അവര്‍ക്ക് പലപ്പോഴും കുട്ടികളുടെ വഴിവിട്ടുള്ള പോക്ക് കണ്ടെത്താനാകുന്നില്ല എന്നതും ശ്രദ്ധേയം!മാത്രമല്ല ഒട്ടുമിക്ക വീടുകളിലും അച്ഛന്‍ പുറത്തു ജോലിയിലും മകന്‍ വീടിന്റെ നാഥനുമായിരിക്കും. കുട്ടികളുടെ മാറ്റങ്ങള്‍ കണ്ടെത്താനോ ചികിത്സിക്കാനോ മറ്റുള്ളവര്‍ക്ക് ഒട്ടു നേരവും ഇല്ല.
ഫലമോ? ദിശാബോധമില്ലാതെ അലയുന്ന ഒരുകൂട്ടം യുവതീ യുവാക്കന്മാരും...
വളരെ മാസങ്ങള്‍ക്ക് ശേഷം കണ്ടുകിട്ടിയ ഒരു രക്ഷിതാവിനോട്‌ ക്ലാസ്സ്‌ ടീച്ചര്‍ കുട്ടിയുടെ ഗുണദോഷങ്ങള്‍ ഗൗരവമായി വിവരിക്കുകയായിരുന്നു.എല്ലാം കേട്ടുനിന്ന അയാളുടെ പ്രതികരണം ഇങ്ങനെ.."അല്ലാ മാഷെ അതൊക്കെ പോട്ടെ...ഓന്റെ കൊട ഇന്നലെ ഇവിടെ വച്ച് മറന്നത്രെ,അത് കിട്ടീന്യോ എന്നറിയാനാ ഞാന്‍ വന്നേ. എന്നാ പോട്ടെ മാഷെ... പിന്നെ ഓനെ ശ്രദ്ധിക്കണേ മാഷെ.."
ഇവിടെ മാറേണ്ടത് ആരാണ്?

ഇനി അദ്ധ്യാപകന്‍

വളരുന്ന തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക്‌ വഹിക്കേണ്ടവരാണ് നാം.എന്നാലിന്നോ? പാകം വന്ന,മൂല്യബോധമുള്ള മുന്‍ അധ്യാപകരെ ഓര്‍മ്മിപ്പിക്കുന്ന എത്ര അധ്യാപകര്‍ നമ്മുടെ കൂട്ടത്തിലുണ്ട്?ഇന്ന് പല കേസ്സുകള്‍ക്കും കാരണക്കാരായി പിടിക്കപ്പെടുന്നത് നമ്മെ തന്നെ അല്ലെ? മൊബൈല്‍ വാര്‍ത്തകളും സ്ത്രീ പീഡനവും ഒക്കെ അടുത്ത കാലത്ത് നാം വായിച്ചു.. ഒരു മൂല്യച്യുതി നമ്മുടെ കൂട്ടര്‍ക്ക് വന്നിട്ടില്ലേ? മുന്‍പ് അധ്യാപര്‍ക്ക് സമൂഹത്തില്‍ കിട്ടുന്ന ആദരവ് ഇന്ന് നമുക്ക് കിട്ടുന്നുണ്ടോ? ചിന്തിക്കണം.

പുതിയ വിദ്യാഭ്യാസ സമീപനം

കുട്ടികളില്‍ പ്രതികരണ ശേഷി വര്‍ദ്ധിപ്പിക്കുന്ന, പ്രശ്നാധിഷ്ടിത പഠനരീതിയും ഒരളവുവരെ ഇതിനൊക്കെ കാരണമല്ലേ? ചിട്ടയായ പഠന രീതിയെ വെല്ലുന്ന എന്ത് മികവാണ് ഇന്നത്തെ നവീന പഠന രീതിയില്‍ ഉള്ളത് ? ഇവിടെ നാം ഒന്ന് ഓര്‍ക്കുന്നത് നന്ന്.നമ്മുടെ പഴയ പഠനരീതി ഒരുപരിധിവരെ അംഗീകരിച്ചു പോരുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലേക്ക് കുട്ടികള്‍ ഒഴുകുന്നത്‌ മറ്റൊന്നല്ല, എന്ന്...

എനിക്ക് പറയാനുള്ളത്

........................"വിനാശകാലേ വിപരീത ബുദ്ധി" ..............

3 അഭിപ്രായങ്ങൾ:

  1. ബ്ലോഗിന് എല്ലാ ആശംസകളും നേരുന്നു. പറയാനുള്ള കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമായി പറയാന്‍ ശ്രമിക്കണം. എല്ലാം ഒരു പോസ്റ്റില്‍ തന്നെ പറയാനാമെന്നില്ലല്ലോ. പിന്മാറാതെ മുന്നോട്ടു പോകലാണ് പ്രധാനം, തുടങ്ങലല്ല. അധ്യാപകരെ സംബന്ധിക്കുന്ന എന്റെ ഒരു പോസ്റ്റ്‌ .ഇപ്രകാരമുണ്ട്

    മറുപടിഇല്ലാതാക്കൂ
  2. വിഷയം ആനുകാലികം തന്നെ. അധ്യാപകര്‍ക്ക് മുമ്പ് ലഭിച്ച ബഹുമാനം ഇന്നും ലഭിക്കണമെന്ന് ശഠിക്കരുത്. കാലം മാറുമ്പോള്‍ പലതും മാറും. അന്ന് അറിവ് നേടാനുള്ള ഒരേ ഒരു വഴിയായിരുന്നു ഗുരു. ഇന്ന് ഒരുപാടു വഴികളില്‍ ഒന്ന് മാത്രം. അനുപാതത്തിലെ ഈ കുറവ് ബഹുമാനത്തിലും പ്രതിഫലിക്കുന്നത് സ്വാഭാവികം . .....കൂടുതല്‍ രചനകള്‍ പ്രതീക്ഷിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  3. പറയാനുള്ളത് മുഴുവനും പറയണട്ടോ......!
    ആശംസകള്‍
    രജിത്ത് വേങ്ങാട്

    മറുപടിഇല്ലാതാക്കൂ