ദര്‍ശനം

2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

മരണത്തെ മുന്നില്‍ കണ്ട നിമിഷം

ഒരു പക്ഷെ മരണം വരെ സംഭവിക്കാവുന്ന ഒരപകടത്തില്‍ നിന്ന് തലനാരിഴ വ്യത്യാസത്തില്‍ രക്ഷപ്പെടുക! ഒന്ന് സങ്കല്പിച്ചു നോക്കൂ.......ഇങ്ങനെ ഒരു പരീക്ഷണം എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.ഓര്‍മ്മയിലിന്നും എന്നെ പേടിപ്പെടുത്തുന്ന സംഭവം!

ദൈവമുണ്ടോ? ഉണ്ട് എന്നുതന്നെയാണ് എന്റെ വിശ്വാസം. അല്ലെങ്കില്‍ ഏതോ ഒരു ശക്തി........ അതാണ് എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
രണ്ടായിരത്ത് നാലു മെയ്‌ മൂന്നാം തീയ്യതി രാത്രി ഏഴര മണി.എന്റെ മരുമകളെ ചെറുവത്തൂരുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ കാണിച്ചു അവളോടൊപ്പം ഞാനും ഭാര്യയും ചെറിയ മകളും ഒരു ഓട്ടോയില്‍ പയ്യന്നൂര്‍ പെരുമ്പയില്‍ നിന്ന് പള്ളിത്രയുള്ള എന്റെ വീട്ടിലേക്കു തിരിക്കുന്നു.മഴ കുറേശ്ശെ ചാറുന്നുണ്ടായിരുന്നു. മട്ടന്നൂര്‍ ചാവശ്ശേരിയില്‍ സകുടുംബം താമസിക്കുന്ന ഞങ്ങള്‍ കുറച്ചുമാസങ്ങള്‍ക്ക് ശേഷമാണ് വീട്ടിലേക്കു പോകുന്നത്. അതിന്റെ സന്തോഷവും നമുക്കുണ്ടായിരുന്നു. ഓട്ടോയുടെ വലതുവശം മകളും ഇടതുവശം മരുമകളും ആയിരുന്നു ഇരിന്നിരുന്നത്. അമ്പലത്തറ കഴിഞ്ഞു കൊക്കോട് അമ്പല പരിസരത്ത് എത്തിയപ്പോള്‍ മഴ കനത്തു. മഴ നനയാതിരിക്കാന്‍ മകളെ പിടിച്ചുമാറ്റി അവിടെ ഞാന്‍ ഇരുന്നതും എതിര്‍ ഭാഗത്തുനിന്നു അതിവേഗത്തില്‍ വന്ന ഒരു ടിപ്പര്‍ ലോറി അവിടെ വന്നിടിച്ചതും ഒരുമിച്ചായിരുന്നു.പിന്നെ എനിക്ക് ബോധം കിട്ടുന്നത് പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ വച്ചാണ്.

തുടര്‍ന്ന് നടന്ന സംഭവം ഭാര്യ വിവരിക്കുന്നത് ഇങ്ങനെ......

നമുക്കിറങ്ങേണ്ട സ്ഥലം മുതിയലം. എല്ലാവരും ഉത്സാഹത്തിലാണ്. അപകടത്തിനു തൊട്ടുമുന്‍പ് "അതാ ഒരു വണ്ടി നമ്മുടെ നേര്‍ക്ക്‌ വരുന്നു എന്ന് പറഞ്ഞു ഒരു വശത്തേക്ക് ഞാന്‍ തെന്നി മാറിയിരുന്നത്രെ. (ഈ സംഭവം എനിക്ക് ഇന്നും ഓര്‍മ്മയില്ല എന്നത് ശ്രദ്ധേയമാണ്)എല്ലാം പെട്ടെന്നായിരുന്നു. എല്ലാവരും ഒരുനിമിഷം തരിച്ചിരുന്നുപോയി! അപ്പോഴേക്കും ചുറ്റുമുള്ളവര്‍ ശബ്ദം കേട്ട് ഓടി എത്തിയിരുന്നു.അവരുടെ സഹായത്തോടെ മകളെയും മരുമകളെയും പുറത്തിറക്കി. അബോധാവസ്ഥയിലായ എന്നെ എടുക്കാന്‍ നോക്കിയപ്പോഴാണ് എല്ലാവരും ഞെട്ടിയത്.!ഓട്ടോയുടെ ഒരു കമ്പി എന്റെ തുട തുളച്ചു പുറത്തുവന്നിരിക്കുന്നു. ചുറ്റും രക്തപ്രളയം!പെട്ടെന്നുതന്നെ നാട്ടുകാരില്‍ ചിലര്‍ കമ്പി മുറിച്ച് എന്നെ പുറത്തെടുത്തു. നാട്ടുകാരുടെയും അപ്പോള്‍ അവിടെ എത്തിയ ചില വണ്ടിക്കാരുടെയും നിര്‍ല്ലോഭമായ സഹകരണം കൊണ്ട് എത്രയും വേഗം എന്നെ ആശുപത്രിയിലാക്കാന്‍ സാധിച്ചു . (ഗ്രാമവാസികളുടെ സഹകരണ മനോഭാവം കണ്ടുപഠിക്കണം നാം .)
ആദ്യം എന്നെ എത്തിച്ചത് പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലാണ്. എന്നാല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു.

പെരിയാരം ആശ്രുപത്രിയില്‍ ...
അതി കഠിനമായ വേദനയോടെയാണ് എന്റെ ബോധം തെളിഞ്ഞത്. അപ്പോഴേക്കും നാലു മണിക്കൂര്‍ കഴിഞ്ഞിരുന്നു. കണ്ണുതുറന്നപ്പോള്‍ ചുറ്റും കാണുന്നത്....ഭയത്തോടെ എന്നെ ഉറ്റുനോക്കുന്ന കുറെ കണ്ണുകളാണ്.ഒന്നമ്പരന്നു! ഞാന്‍ എവിടെ ആണ്?ക്രമേണ കാര്യങ്ങള്‍ എനിക്ക് മനസ്സിലായി. ഓട്ടോയില്‍ ചിരിച്ചു വര്‍ത്തമാനം പറഞ്ഞു പോയ ഞാന്‍ എത്ര വേഗമാണ് ആശുപത്രിയിലെത്തിയത്? ഇപ്പോഴും നടുക്കത്തോടെ ഓര്‍ക്കുന്ന ഒരു കാര്യം ആ ബോധം എന്നെന്നേക്കുമായി പോയിരുന്നെങ്കിലോ? മരണം എത്ര നിസ്സാരം...ല്ലേ?..ഹോ ഓര്‍ക്കുക കൂടി വയ്യ....കാലുവേദന അസഹ്യം....പെട്ടെന്ന് ഞാന്‍ നടുങ്ങി! ഞാന്‍ തല ഉയര്‍ത്തി നോക്കി..ഭയന്ന് പോയി! വലതു കാല്‍ ഒടിഞ്ഞു തൂങ്ങിക്കിടക്കുന്നു! ഇടതു കയ്യ് ഉയര്താനെ വയ്യ...എനിക്കെന്തു പറ്റി? എന്റെ ഭാര്യ?കുട്ടികള്‍ ?..ഈശ്വരാ...വീണ്ടും അബോധത്തിലേക്ക്...പിന്നെ ഉണര്‍ന്നപ്പോള്‍ ഞാന്‍ ഐ.സി.യു.വില്‍ ആണ്...കയ്യും കാലും പ്ലാസ്റ്റര്‍ കൊണ്ട് മൂടിയിരിക്കുന്നു..ശരീരമാസകലം കൊത്തിനുറുക്കുന്ന വേദന...അപ്പോഴാണ് അപ്പുറത്തെ മുറിയില്‍ നിന്ന് "അമ്മേ" എന്ന നിലവിളി ഉയര്‍ന്നത്.ഉള്ളില്‍ ഒരു കൊള്ളിയാന്‍ മിന്നി!!!!"എന്റെ മോളേ" ഞാന്‍ നിലവിളിച്ചു പോയി! നേഴ്സ് വന്നു അത് നിങ്ങളുടെ കുട്ടിയല്ല എന്ന് പറഞ്ഞെങ്കിലും എനിക്ക് വിശ്വാസമായില്ല.ഒടുവില്‍ എന്റെ വാശിക്ക് മുന്‍പില്‍ ആരെയും കടത്തിവിടാത്ത എന്റെ മുറിയില്‍ ഭാര്യയെയും കുട്ടിയെയും വരുത്തേണ്ടി വന്നു അവര്‍ക്ക്.

പഴയ നിലയിലേക്ക്
രണ്ടുമൂന്നാഴ്ച ശരീരം ഒട്ടും ഇളക്കാന്‍ പറ്റാത്ത നിലയിലായിരുന്നു.എല്ലാം കിടന്ന കിടപ്പില്‍ തന്നെ. അവിടുത്തെ ഡ്യുട്ടി നേഴ്സുമാരുടെ സിസ്വാര്‍ത്ഥസേവനമെന്തെന്നു മനസ്സിലായത് അന്നാണ്. ആ സ്നേഹ പുര്‍ണമായ സഹകരണത്തിന് ഞാന്‍ എങ്ങിനെ നന്ദി പറഞ്ഞാല്‍ മതിയാകും? പിന്നെ...പിന്നെ എന്റെ ഓര്‍മ്മയില്‍ തെളിയുന്ന മുഖം എന്റെ ഹെഡ് മാസ്റ്റെര്‍ ആയിരുന്ന ബക്കര്‍ ചൂളിയാട് മാഷാണ്.അന്ന് അദ്ദേഹം മെഡിക്കല്‍ കോളേജ് പി.ടി.എ.മെംബര്‍ ആയിരുന്നു. അതുകൊണ്ടുതന്നെ അവിടെയൊക്കെ നല്ല പരിചയം അദ്ദേഹത്തിനുണ്ടായിരുന്നു.സാറുടെ നിര്‍ദ്ദേശപ്രകാരമാണ് ഞാന്‍ ഡോ.സുനിലിന്റെ കീഴിലാകുന്നത്. പിന്നെ...എന്റെ ഭാര്യാ പിതാവ്, ചേട്ടന്മാര്‍ ,ചങ്ങാതിമാര്‍ ......ഒക്കെ രാപ്പകലില്ലാതെ എന്റെ അടുത്തുണ്ടായിരുന്നു.

ഡോ.സുനില്‍ (ഓര്‍ത്തോ വിഭാഗം തലവന്‍ )
തന്നെ പുര്‍വ്വസ്ഥിതിയില്‍ എത്തിച്ചതിനു ഒരുപാട് കടപ്പാടുള്ള ദൈവതുല്യനായ മനുഷ്യന്‍ !!!! പൊട്ടിത്തകര്‍ന്ന എല്ലുകള്‍ കൂട്ടിയോജിപ്പിക്കുന്നതില്‍ വിദഗ്ദ്ധന്‍ . എന്റെ കേസ്സ് നിസ്സാരമായി മാത്രമേ അദ്ദേഹത്തിനു തോന്നിയുള്ളൂ. തികഞ്ഞ ആത്മവിശ്വാസം ഓരോ ദിവസവും ഞാന്‍ അദ്ദേഹത്തില്‍ കണ്ടു. അതാണ്‌ എന്നെ ഏറ്റവും സന്തോഷിപ്പിച്ചതും....
ഓപ്പറേഷന്‍ തിയേറ്റര്‍ !!!!!
അര്‍ദ്ധബോധാവസ്ഥയില്‍ ആണെങ്കിലും ഒരു ഓപ്പറേഷന്‍ തീയേറ്റര്‍ കാണുന്നത് അന്നാണ്...ഒരുമാസത്തെ ഐ.സി.യു. പരിചരണവും ഒരാഴ്ചത്തെ ആശുപത്രിമുറിയിലെ ജീവിതവും കൊണ്ട് ആരോഗ്യം കുറച്ചു മെച്ചമായ ശേഷമാണ് അവര്‍ എന്നെ ഓപ്പറേഷനു കൊണ്ടുപോയത്.അതിരാവിലെ തന്നെ എന്നെ ആ മുറിയില്‍ എത്തിച്ചു. പലരും പറഞ്ഞു കേട്ട ആ മുറി നേരില്‍ കണ്ടപ്പോള്‍ ഒരു ഭയം....ഭക്ഷണം ഒന്നും കിട്ടിയില്ല...ഉച്ചക്ക് ഒരു ഡോക്ടര്‍ വന്നു അനസ്തേഷ്യ തന്നു. അതോടെ ഞാന്‍ പാതി മയക്കത്തിലായി . അവിടെ നടക്കുന്ന സംഭവങ്ങളുടെ ചിത്രം എനിക്ക് അവ്യക്തമായി മനസ്സിലാകുന്നുണ്ടായിരുന്നു. ശരീരം ....നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും.... ഒക്കെ...ഒക്കെ.....രണ്ടര മണിക്കൂര്‍ നീണ്ട ഓപ്പറേഷന്‍ !!!!
ഒടുവില്‍ ഒരാള്‍ വന്നു കവിളില്‍ ഒരൊറ്റ അടി ....പിന്നെ ഒരു ചോദ്യം...പേരെന്താ? ഈശ്വരാ ...ഇവര്‍ക്ക് ആള് മാറിപ്പോയോ? പിന്നീടാണ്‌ അറിഞ്ഞത് ....അത് എനിക്ക് ബോധം വന്നോ എന്ന് ടെസ്റ്റു ചെയ്തതാണെന്ന്.....ഉടന്‍ ഞാന്‍ കാല് തൊട്ടുനോക്കി.....അവിടെ ഉണ്ട്... ആശ്വാസം...ഐ.സി.യു.വില്‍ വീണ്ടും രണ്ടു ദിവസം....പിന്നെ റൂമിലേക്ക്‌.....പലരും കാണാന്‍ വരുന്നു...ആശ്വാസവചനങ്ങള്‍ തരുന്നു....അങ്ങനെ പോയി കുറച്ചു ദിവസം....

ആശുപത്രിയോട്‌ വിട....

മൂന്നു മാസത്തെ ആശുപത്രി ജീവിതം പലതും പഠിപ്പിച്ചു എന്നെ....ഈ കാലം കൊണ്ട് അവിടെയുള്ള ജീവനക്കാരുമായി ഒരു നല്ല ബന്ധം ഞാന്‍ സ്ഥാപിച്ചിരുന്നു. അതുകൊണ്ട് തന്നെ പോകുന്ന നേരം അവരെല്ലാവരും എന്നെ കാണാന്‍ വന്നു....സത്യത്തില്‍ കരഞ്ഞുപോയീ ഞാന്‍ .......

ഫിസിയോ തെറാപ്പി
എന്റെ ഒരടുത്ത ബന്ധുവായ ഡോ.ശശിധരന്റെ ഫിസിയോ തെറാപ്പി ചികിത്സയായിരുന്നു പിന്നീട്. ഒരനുജന്റെ സ്ഥാനത്ത് കണ്ട അദ്ധേഹത്തിന്റെ ചികിത്സ എന്നില്‍ നല്ല മാറ്റമുണ്ടാക്കി. ഒരാഴ്ചക്ക് ശേഷം എനിക്ക് മെല്ലെ നടക്കാമെന്നായി! മാസങ്ങളായി നടക്കാന്‍ പറ്റാതെ കിടന്ന എനിക്ക് അതിനു കഴിഞ്ഞപ്പോള്‍ ......എന്നിലുണ്ടായ സന്തോഷം.....ഒരിക്കലും കിട്ടില്ലെന്ന് കരുതിയ......കൈവിട്ടുപോയ.....എന്തോ ഒന്ന്......ഓര്‍ക്കാപ്പുറത്ത് കിട്ടുമ്പോള്‍ ലഭിക്കുന്ന ഒരുതരം ആനന്ദമില്ലേ?...അതാണ്....അതാണ് ......ഞാന്‍ അന്ന് അനുഭവിച്ചത്.

ഏകാന്തത അറിഞ്ഞ ദിനങ്ങള്‍ ..........
ഒരു മാസത്തെ തെറാപ്പി ചികിത്സ എന്നെ ഒരുവിധം പഴയനിലയില്‍ എത്തിച്ചു. വീട്ടിലെത്തിയ എനിക്ക് ചെറിയ ചെറിയ വ്യായാമങ്ങള്‍ ചെയ്യേണ്ടിയിരുന്നു. എന്നാല്‍ അവിടെ എത്തിയപ്പോള്‍ ഒരുതരം ഏകാന്തതതയാണ് അനുഭവപ്പെട്ടത്‌. എന്നെ കാണാന്‍ വരുന്നവര്‍ മാത്രമാണ് ഏക ആശ്വാസമായത്. തുടര്‍ച്ചയായ ദൂരദര്‍ശന്‍ പരിപാടികള്‍ എന്നെ ബോറടിപ്പിച്ചു. അപ്പോഴാണ് പുസ്തകങ്ങള്‍ എന്റെ കൂട്ടുകാരായത്. ആ കാലത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുമ്പോള്‍, ഏക നേട്ടമായി ഞാന്‍ കാണുന്നത്, വായനശീലം എന്നിലുണ്ടായി എന്നതുതന്നെ. മൂന്നുമാസം പരിപൂര്‍ണ്ണ വിശ്രമം...അപ്പോഴേക്കും മലയാളത്തിലെ ഒത്തിരി പുസ്തകങ്ങള്‍ പരിചയപ്പെടാന്‍ എനിക്ക് കഴിഞ്ഞു......നോവലും....കഥയും....ലേഖനങ്ങളും....
മൂന്നു മാസത്തിനു ശേഷം പ്ലാസ്റ്റര്‍ അഴിച്ചു. കാലിനു ചെറിയ നീളവ്യത്യാസം ഉണ്ടാകുമോ എന്ന എന്റെ വ്യകുലതക്ക് വിരാമമായത് അന്നാണ്. വളരെ സന്തോഷവാനായാണ്‌ അന്ന് വീട്ടില്‍ എത്തിയത്. രണ്ടു വര്‍ഷത്തിനു ശേഷം കാലിലെ കമ്പി എടുത്തുമാറ്റാന്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ പഴയ ഭയപ്പാടോന്നും എന്നിലുണ്ടയില്ല.

വീണ്ടും ആശങ്കയുടെ നടുവില്‍ !!!!
അടുത്ത മാസം ഈ കേസിന്റെ വിചാരണ തലശ്ശേരി ജില്ലാ കോടതിയില്‍ വച്ച് നടക്കുകയാണ്. ഇതുവരെ കോടതി കയറാത്ത എനിക്ക് വിധി അതിനും വഴിയൊരുക്കുന്നു! സിനിമയിലും മറ്റും കണ്ടിട്ടുള്ള കോടതി മുറിയും, വിചാരണക്കൂടും, വാദവും, പ്രതിവാദവും.......നേരിട്ടുകാണാന്‍ ഒരവസരം....ഒപ്പം കൂട്ടിനു കുറച്ചു പരിഭ്രമവും.....

ഈശ്വര സാന്നിധ്യം അറിഞ്ഞ നിമിഷം!!!!!
കൊക്കോട് അമ്പല നടയിലേക്കു കയറുന്ന വഴിയുടെ മുമ്പില്‍ വച്ചാണ് മഴ കനത്തതും മകളെ മാറ്റി ഞാന്‍ അവിടെ ഇരുന്നതും....ഒരുപക്ഷെ ആ സമയം മഴ പെയ്തില്ലായിരുന്നെങ്കില്‍ !!!!!!!
ഇനി പറയൂ.....ദൈവം നമ്മുടെ കൂടെ ഇല്ലേ?

*******************












2 അഭിപ്രായങ്ങൾ:

  1. ഒരു കരം ഇപ്പോഴും എവിടെയും നമ്മെ താങ്ങും .
    അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക ..

    മറുപടിഇല്ലാതാക്കൂ
  2. ohhh.......my god....
    u.....r...great......
    ----------------------------------------------------------
    kanakku pusthakam vallicheriuoooo....
    athe god vachoolum pishukkkaa........
    vinod(philospher)

    മറുപടിഇല്ലാതാക്കൂ