ദര്‍ശനം

2010, സെപ്റ്റംബർ 23, വ്യാഴാഴ്‌ച

മന്ന്യന്‍ കണ്ണന്‍

പ്രപഞ്ചം എന്തൊരത്ഭുതമാണ്‌? കേവലം ഒരണുവില്‍ നിന്നുണ്ടായ ചരാചരങ്ങളുടെ വൈവിധ്യം ഒന്നാലോചിച്ചുനോക്കൂ. എത്രസുന്ദരം!!!!
പ്രകൃതി എന്തുനല്ലൊരു ചിത്രകാരന്‍ !!!
ഒരേയൊരു ക്യാന്‍വാസില്‍ എന്തെല്ലാം നിറച്ചുവച്ചിരിക്കുന്നു?
അതില്‍ തന്നെ എല്ലാജീവികള്‍ക്കും തുല്ല്യാവകാശമുള്ള പ്രപഞ്ചത്തില്‍ സര്‍വ്വാധിപത്യം നടത്തുന്ന മനനരൂപികളായ കോടാനുകോടി മനുഷ്യരുടെ രൂപസ്വഭാവമോ? പരസ്പരഭിന്നവിചിത്രം!!!!!!
അതുകൊണ്ടാണല്ലോ.......
"വന്ദനം സനാതനാനുക്ഷണ വികസ്വര-
സുന്ദര പ്രപഞ്ചാദികന്ദമാം പ്രഭാവമേ' എന്ന് ജി. അത്ഭുതപ്പെട്ടത്?
ഇവിടെ പ്രകൃതിയുടെ ക്യാന്‍വാസില്‍ പതിഞ്ഞ ഒരുവ്യക്തിയെ നമുക്കൊന്ന് പരിചയപ്പെടാം...
പേര് :
മന്ന്യന്‍ കണ്ണന്‍
സ്ഥലം : വേട്ടുവക്കുന്നു

കണ്ണൂര്‍ ജില്ലയിലെ പെരിങ്ങാം എന്ന സ്ഥലത്തുനിന്നും ഏകദേശം പത്തു കിലോമീറ്റര്‍ ഉള്ളോട്ട്‌ മാറി സ്ഥിതിചെയ്യുന്ന ഒരു സുന്ദര ഗ്രാമമാണ് വേട്ടുവക്കുന്നു. അവിടെ കുന്നുകളാല്‍ ചുറ്റപ്പെട്ട 22 ഏക്കര്‍ സ്ഥലത്തിന്റെ അവകാശിയായിരുന്നു എന്റെ അച്ഛന്‍ പരമേശ്വരന്‍ നമ്പീശന്‍ . ഒരു കൊച്ചു ജന്മിയുടെ പരിവേഷം കിട്ടിയിരുന്ന അച്ഛന്റെ വിശ്വസ്ത കാര്യസ്ഥനായിരുന്നു നമ്മുടെ കഥാനായകന്‍ ...... ......ആശ്രിതവത്സലന്‍ ......
ഓര്‍മ്മവച്ചനാള്‍ മുതല്‍ ഞാന്‍ ഇദ്ദേഹത്തെ കാണുന്നുണ്ട്. കാണുമ്പോഴൊക്കെ വെളുക്കനെ ചിരിച്ചു 'കൊച്ചു നമ്പീശാ'...'എന്നുള്ള വിളി ഇന്നും എന്നില്‍മുഴങ്ങുന്നു....
ചുറ്റുവട്ടത്തെ ഉത്സവപ്പറമ്പുകളില്‍ കുട്ടിയായ എന്നെ കൊണ്ടുപോകുമായിരുന്നു കണ്ണേട്ടന്‍ ...എന്നിട്ട് മറ്റുള്ളവര്‍ക്ക് എന്നെ പരിചയപ്പെടുത്തുന്നത് ഇങ്ങനെ....
"ഇവനെ അറിയോ? നമ്മുടെ പ്രസ്നക്കാരന്റെ മോനാ..."
ക്ഷിപ്രകോപിയായ എന്റെ അച്ഛന്‍ നാട്ടുകാര്‍ക്ക് എങ്ങനെ പ്രസ്നക്കാരനായി എന്ന് പലപ്പോഴും ഞാന്‍ അന്ന് ചിന്തിച്ചിട്ടുണ്ട് . പിന്നീട് ഇതിന്റെ പൊരുള്‍ കണ്ടെത്തുകയും ചെയ്തു....ഒന്നുമില്ലാ...എന്റെ അച്ഛന്‍ അത്യാവശ്യം ജ്യോതിഷം നോക്കുമായിരുന്നു. നാട്ടുകാരുടെ ഭാഷയില്‍ "പ്രശ്നം വയ്ക്കുന്ന ആള്‍ "
ഇത് ചുരുങ്ങിയാണ് പ്രസ്നക്കാരനായത്.
അങ്ങിനെ നാട്ടുകാര്‍ അരുമയോടെ
"പ്രശ്നക്കാരന്‍ നമ്പീശന്‍ " എന്ന് വിളിച്ചു പോന്നു....അത്ര തന്നെ....
മന്ന്യനിലേക്ക് വീണ്ടും തിരിച്ചുവരാം.....
കാര്യസ്ഥന്‍ എന്ന നിലയില്‍ .......
തൊഴിലിനോട് കൂറ് പുലര്‍ത്തിയവനാണ് കണ്ണന്‍ . മറ്റു പണിക്കാരുടെ മേല്‍നോട്ടം വഹിക്കുക, കൃഷി കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുക തുടങ്ങി പലതുണ്ട് മന്ന്യനു ചുമതല. പണിയില്‍ കള്ളമില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം. ആരെയും വശീകരിക്കുന്ന ചിരി അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയാണ് . മൂളിച്ചിരിയില്‍ നിന്ന് പൊട്ടിച്ചിരിയിലേക്ക് ചിലപ്പോഴത് നീളും. കാര്യസാധ്യത്തിനു ആരെയും പ്രണമിക്കാന്‍ മന്ന്യനു മടിയില്ല. കൂട്ടത്തിലൊന്നുകൂടി......മന്ന്യന്‍ ഇന്നുവരെ ആരോടും മുഖം കറുപ്പിക്കുന്നതോ കോപിക്കുന്നതോ കണ്ടവരാരുമില്ല!!!!
ജീവിതശൈലി
ഇന്ന് കഴിഞ്ഞു നാളെ എന്ന ചിന്താഗതിക്കാരനാണ് അദ്ദേഹം. രാവിലെ മുതല്‍ വൈകുംവരെ ജോലിചെയ്തു കിട്ടുന്ന കാശുമുഴുവന്‍ വൈകീട്ട് കള്ളുഷാപ്പില്‍ എത്തിച്ചാലെ മൂപ്പര്‍ക്ക് തൃപ്തിയാവൂ...സമ്പാദ്യശീലം തീരെ ഇല്ല. ഇതിനെ പറ്റി ആരെങ്കിലും ചോദിച്ചാല്‍ ഉടന്‍ ഉണ്ടാകും മറുപടി...
"അല്ലാ സമ്പാദിച്ചിട്ടു എന്ത് കിട്ടാനാ? ഇതൊന്നും മോളിലേക്ക് കൊണ്ടുപോവാന്‍ പറ്റൂലല്ലോ?"
കുടുംബത്തോടുള്ള ഉത്തരവാദിത്തം കഴിവതും കുറച്ചുകൊണ്ടുവരാന്‍ എന്നും ശ്രദ്ധിച്ചുകൊണ്ടേ ഇരുന്നു. കൈയ്യില്‍ ബാക്കിയുണ്ടെങ്കില്‍ കൊടുക്കും... അത്രതന്നെ.
സ്വഭാവം

ഒരുപക്ഷെ ഇത്രയും നിഷ്കളങ്കസ്വഭാവം മറ്റാരിലെങ്കിലും ഉണ്ടോ എന്ന് അദ്ദേഹത്തെ പരിചയപ്പെടുന്ന ഏതൊരാള്‍ക്കും തോന്നുക സ്വാഭാവികം. ആരോടും അതിരറ്റ ബഹുമാനം കാണിക്കുന്ന മന്ന്യന്റെ ഉള്ളില്‍ 'ഒരു കുപ്പി' ചെന്നാല്‍ പിന്നെ പറയുകയേ വേണ്ടാ....ബഹുമാനം അതിന്റെ പാരമ്മ്യത്തില്‍ എത്തുകയായി. ഇഷ്ട വിനോദം ഏതെന്നു ചോദിച്ചാല്‍ ഒന്നേയുള്ളൂ......കള്ളുകുടി...പക്ഷെ വിദേശം തൊടാറില്ല കേട്ടോ...
ഇതൊക്കെയാണെങ്കിലും മന്ന്യനു ചില ദോഷങ്ങളും ഇല്ലാതില്ല....ഇന്ന് പണിക്കു വന്നാല്‍ നാളെ കാണില്ല!!! "എന്താ മന്ന്യാ ഇന്നലെ കണ്ടില്ലല്ലോ?"എന്ന് ചോദിച്ചാല്‍ മറുപടി തലച്ചോറിഞ്ഞുള്ള ചിരി മാത്രം. ഇതാവട്ടെ അച്ഛന് തീരെ കണ്ടും കൂടാ. പിന്നെ വഴക്കായി...എല്ലാം കേട്ട് ചിരിച്ചു നില്‍ക്കുന്ന കണ്ണേട്ടനില്‍ നിന്ന് ഒരു മറുപടിയും കിട്ടാതാവുമ്പോള്‍ അച്ഛനങ്ങു തണുക്കും...പിന്നെ മൂപ്പരുടെ ഒരു ചോദ്യം...
"ഇന്നെന്താ നമ്പീശാ പണി?"

" വൈകുന്നേരം എന്താ കണ്ണാ ഇന്ന് കൂലി വേണോ? ഒന്നിച്ചു രണ്ടുദിവസം കഴിഞ്ഞു വാങ്ങിയാല്‍ പോരേ" എന്ന അച്ഛന്റെ ചോദ്യത്തിന് "അന്നത്തെ കൂലി അന്നുതന്നെ വാങ്ങുന്നതാ ഒരു സുഖം"...എന്നായിരിക്കും മറുപടി.....
പണം കയ്യില്‍ കിട്ടിയാല്‍ ഉഷാറാകുന്ന കണ്ണേട്ടന്‍ നേരെ ചെല്ലുന്നത് പാറക്കെ കള്ളുഷാപ്പിലാണ്. സ്ഥിരം പറ്റുകാരനായ മൂപ്പര്‍ക്ക് ഒരു പ്രത്യേക പരിഗണനയാണ് അവിടെ. ഷാപ്പില്‍ നിന്ന് പുതിയ മനുഷ്യനായിട്ടാണ് കണ്ണേട്ടന്‍ പുറത്തിറങ്ങുക. പ്രതികരണ ശേഷി കൂടും...മുഖത്തു ഗൗരവം കൂടും..ഒപ്പം ബഹുമാനവും...പിന്നെ നേരെ ഒരു വരവാണ്...നമ്മുടെ വീട്ടിലേക്ക്‌.....
വീടിനു പിന്‍വശം, കുന്നിടിച്ചു കല്ലുകൊണ്ട് കെട്ടി തട്ടുകളാക്കി നിര്‍ത്തിയിരിക്കുകയാണ്...സാമാന്യം ഉയരമുള്ള മൂന്നു തട്ടുകള്‍ ....വീടിനു മുന്‍വശത്തെ വഴി വിട്ട് ഈ വഴിയാണ് നമ്മുടെ കഥാനായകന്‍ ഈ വരവില്‍ സ്വീകരിക്കുക! പിന്നെയാണ് രസം...ഓരോ തട്ടില്‍ നിന്നും താഴേക്ക് ഒരു ചാട്ടം!!!! തികഞ്ഞ മെയ്യഭ്യാസിയെ പോലെ!!! സ്വതവേ ഒരു ചെറു മരത്തില്‍ കയറാന്‍ പോലും പേടിയുള്ള മനുഷ്യനാണ് ഇങ്ങനെ ചെയ്യുന്നത് എന്നതും ഓര്‍ക്കണേ...കണ്ണേട്ടന്റെ ഈ അഭ്യാസം കാണാന്‍ പലപ്പോഴും ഞങ്ങള്‍ വൈകീട്ട് അവിടെ പോയിരിക്കും. വരുമ്പോള്‍ ഇടയ്ക്കിടെ ഒച്ചത്തില്‍ പറയുകയും ചെയ്യും..."മന്ന്യനു പണം പുല്ല്‌....
പുല്ല്‌...പുല്ല്‌..."
ഇത് കേട്ടാല്‍ അച്ഛന്‍ ചോദിക്കുകയായി..."എന്താ കണ്ണാ നീ കുടിച്ചു അല്ലെ?"
പിന്നെ അവിടെ ഒരു ചെറിയ സംവാദം...രാവിലെ ചീത്ത പറഞ്ഞതിന്റെ കണക്കൊക്കെ അപ്പോഴാണ്‌ മന്ന്യന്‍ തീര്‍ക്കുക!
കുറെ കഴിഞ്ഞു അച്ഛന്‍ തോറ്റു പിന്മാറും....പിന്നെ അമ്മയോട് കുറച്ചു സംഭാരം വാങ്ങിക്കുടിച്ച് പോവുകയും ചെയ്യും.....
പിറ്റേന്ന് രാവിലെ ഈ ലോകത്ത് ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ പണിക്കായി മൂപ്പര്‍ എത്തുകയും ചെയ്യും.
എല്‍ . ഐ .സി. യെ കുറിച്ച് കണ്ണന്റെ കാഴ്ച്ചപ്പാട്...
ഒരിക്കല്‍ ഒരു പോളിസി എടുപ്പിക്കാന്‍ ഏജന്റുമാര്‍ മന്ന്യന്റെ അടുത്തെത്തി. നിയമങ്ങളൊക്കെകേട്ടുനിന്ന കണ്ണന്‍ ചോദിച്ചുവത്രെ.
"പോളിസിക്ക് ചേര്‍ന്ന് ഒരു തവണ അടച്ചാല്‍ മുഴുവന്‍ പണം കിട്ടാന്‍ എന്താ വഴി?"
"ചേര്‍ന്ന ആള്‍ മരിക്കണം..."
"അപ്പോള്‍ പണം ആര്‍ക്കു കിട്ടും?"
"ആരാണോ അവകാശി....അവര്‍ക്ക്..."
"അപ്പോള്‍ എനിക്ക് കിട്ടാന്‍ ഒരു വഴിയും ഇല്ലാ അല്ലെ?...ഞാന്‍ മരിച്ചിട്ട് അങ്ങിനെ അവര്‍സുഖിക്കേണ്ട...പണം എനിക്ക് കിട്ടുന്ന വല്ല വഴിയും ഉണ്ടോ?"
പിന്നെ എല്‍ . .സി. ക്കാര്‍ അവിടെ നിന്നില്ലത്രെ.........
നാട്ടിലെ സകല കുറിക്കും കണ്ണന്‍ ചേരും...ഒരു തവണ അടച്ച് ആദ്യം കുറി വിളിച്ചെടുക്കുന്നതുംഅങ്ങേരായിരിക്കും. പണം കിട്ടിയാല്‍ തിരിച്ചടക്കുന്ന പതിവ് കണ്ണന് തീരെ ഇല്ല.അങ്ങിനെ കണ്ണനെകൊണ്ട് പല കുറികളും പൊട്ടിപ്പോയ ചരിത്രവും വിരളമല്ല. കുറിക്കാര്‍ ഭീഷണിപ്പെടുത്തിയാല്‍അവരെയും കൂട്ടി തന്റെ പറമ്പില്‍ എത്തി കുരുമുളകുവള്ളി ചൂണ്ടിക്കാട്ടി ഒറ്റ പറച്ചിലാണ്...
" വര്‍ഷം നല്ല മുളക് കിട്ടും...കണ്ടില്ലേ വള്ളി നിറയെ തുത്തലാണ്...ഇക്കൊല്ലത്തെ പാട്ടംനിങ്ങള്‍ക്ക്‌ തന്നേക്കാം...നിങ്ങളുടെ പണമെടുത്തു ഒരു നൂറു രൂപ തന്നേക്ക്‌.."ഇങ്ങനെപലകുറിക്കാരായും മന്ന്യന്‍ കരാറില്‍ ഒപ്പുവക്കുമത്രെ....
ഞങ്ങളുടെ വീടും പറമ്പും കൊടുത്തു പയ്യന്നൂരേക്കു താമസം മാറാന്‍ ഒരുങ്ങുമ്പോള്‍ എന്നെ ഏറ്റവുംവിഷമിപ്പിച്ചത് ജനിച്ചുവളര്‍ന്ന ഗ്രാമം വിടുന്നതിനേക്കാള്‍ ഉപരി കണ്ണേട്ടനെപിരിയുന്നതിലായിരുന്നു...വര്‍ഷങ്ങള്‍ പലതുകഴിഞ്ഞു..അപ്പോഴാണ്‌ ഒരു വാര്‍ത്ത കേട്ടത്...കണ്ണേട്ടന്‍ആശുപത്രിയിലാണ്...ഞങ്ങള്‍ ഉടന്‍ അവിടെ കാണാന്‍ ചെന്നു.....
കാലനെ തോല്‍പ്പിച്ച കണ്ണന്‍ !!
അതിരുകവിഞ്ഞ മദ്യപാനം കണ്ണന്റെ കരളിനെ ബാധിച്ചിട്ടുണ്ടെന്നും ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു എന്നും വൈദ്യന്മാര്‍ വിധിയെഴുതി...കണ്ണന്‍ ഇതൊന്നും കാര്യമായി എടുത്തില്ല..തന്റെ
കൂടപ്പിറപ്പായ കള്ളിനെ വിട്ടുപിരിയേണ്ടിവരുമല്ലോ എന്നുമാത്രമേ അപ്പോള്‍ മൂപ്പര്‍ക്ക് വിഷമം ഉണ്ടായുള്ളൂ....അത്ഭുതമെന്നു പറയട്ടെ....ദിനങ്ങളും മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞെങ്കിലും കണ്ണന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു!!!!നല്ല ആരോഗ്യത്തോടെ!!!
ഇതിനിടെ ഞാന്‍ ടൗണില്‍ വച്ചു
കണ്ണേട്ടനെ കണ്ടു!!
അതേ ചിരി...
അതേ സംസാരം...
അതെ.....കാലം മാറി, കോലം മാറി...മന്ന്യന്‍ കണ്ണന്‍ മാത്രം മാറിയില്ല.....


1 അഭിപ്രായം: